റാന്നി: കഴിഞ്ഞ ദിവസം പുലിയിറങ്ങിയ കുരുമ്പൻ മൂഴി പനങ്കുടന്ത മേഖല നിയുക്ത എം.എ.എ പ്രമോദ് നാരായൻ സന്ദർശിച്ചു. പ്രദേശത്ത് പുലിയെ പിടിയ്ക്കാൻ കൂട് വയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.എഫ്.ഒയോട് ആവശ്യപ്പെട്ടു. മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടെ കഴിഞ്ഞ ദിവസം രാത്രി പറങ്കാ മുട്ടിൽ യശോധരനും മകൻ മധുവുമാണ് പുലിയെ കണ്ടത്. രാത്രിയിൽ പുലി പട്ടിയെ കടിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് ഇവർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കാമറ സ്ഥാപിക്കുകയും പെട്രോളിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു. പുലിയെ കണ്ടെത്താൻ കഴിയാത്തതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്. പ്രദേശത്തെ തോട്ടങ്ങളിലെ കാട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് നാറാണംമൂഴി പഞ്ചായത്ത് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കൂടുതൽ ജാഗ്രത പാലിയ്ക്കാൻ വനം വകുപ്പിനും പൊലീസിനും നിർദ്ദേശം നൽകി. പഞ്ചായത്തംഗം മിനി ഡൊമനിക്ക്, റേഞ്ച് ഓഫീസർ കെ.എസ് മനോജ്, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകുമാരൻ നായർ, ഊരുമൂപ്പൻ പൊടിയൻ കുഞ്ഞൂഞ്ഞ്, ജോജി ജോർജ്ജ്, അമൽ ഏബ്രഹാം ,ഗോപി പുന്നൂർ, മോനച്ചൻ കൈപ്ലാവിൽ എന്നിവരും നിയുക്ത എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.