തിരുവല്ല: കൊവിഡ് ബാധിച്ച് മരിച്ച കാരയ്ക്കൽ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. കൊവിഡ് ബാധിതനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിഝയിലിരിക്കെ ശനിയാഴ്ച രാത്രി മരണപ്പെട്ട കാരയ്ക്കൽ കൂട്ടുമ്മേൽ ഗോവിന്ദ മഠത്തിൽ ശിവരാമ (92) ന്റെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് സംസ്കരിച്ചത്. മരിച്ചയാളുടെ ഉറ്റ ബന്ധുക്കളടക്കം കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്തത്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാകേഷ്, ജോ.സെക്രട്ടറി ഷെബിൻ ഷാജി, ജെഫിൻ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്കരിച്ചത്.