കലഞ്ഞൂർ: വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും വൈദ്യുതിബന്ധം തകരാറിലായ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. കലഞ്ഞൂരിലും പരിസപ്രദേശങ്ങളിലും ശനിയാഴ്ച വൈകിട്ടോടുകൂടി വൈദുതി ബന്ധം പുനസഥാപിക്കാൻ കഴിഞ്ഞെങ്കിലും പഞ്ചായത്തിലെ തോട്ടം മേഖലകളായ പുന്നമൂട്, രാജഗിരി ഭാഗങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഇവിടെ നിരവധി റബർ മരങ്ങൾ വൈദ്യുതികമ്പികളിൽ ഒടിഞ്ഞു വീണത് വെട്ടിമാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരെങ്കിലും ഇന്നലെ വൈകിട്ടും പ്രദേശങ്ങളിൽ വൈദ്യുതിയെത്തിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും മുറിഞ്ഞകൽ മുതൽ പാടം വരെയുള്ള പ്രദേശങ്ങളിൽ പോസ്റ്റുകളൊടിഞ്ഞു നിരവധി വൈദ്യുതികമ്പികൾ പൊട്ടിവീണു. പ്രദേശത്തു 35 ഓളം ട്രാസ്‌ഫോർമറുകളാണ് തകരാറിലായത്. കലഞ്ഞൂർ കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസിലെ ജീവനക്കാർക്ക് പുറമെ ഏനാത്ത്, ഏഴംകുളം, അടൂർ, കടമ്പനാട്, പള്ളിക്കൽ, കൊടുമൺ, ഇലവുംതിട്ട സെക്ഷനിലെ ജീവനക്കാരും, കരാർ തൊഴിലാളികളും വൈദുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെങ്കിലും. പഞ്ചായത്തിലെ കുറെ സ്ഥലങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. തോട്ടം മേഖലകൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ മരങ്ങൾ ഒടിഞ്ഞു വീണതിനാൽ ഇവ മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതാണ് ഇവിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വൈകുന്നതെന്നും ഇന്ന് വൈകുന്നേരത്തോടുകൂടി ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാൻ കഴിയുമെന്നും കെ.എസ്.ഇ.ബി.അധികൃതർ പറഞ്ഞു.