റാന്നി: കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയതിനാൽ റാന്നിയിലെ സംസ്ഥാന പാതയുടെ നിർമ്മാണം തടസമില്ലാതെ പുരോഗമിക്കുന്നു. മുൻപ് ടൗണിലെ പണികൾ പകൽ നടത്താൻ പറ്റാത്തതിനാൽ രാത്രി കാലങ്ങളിലാണ് കൂടുതലായും ചെയ്ത് വന്നിരുന്നത്. ഇപ്പോൾ ടൗണിൽ കാര്യമായി വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്തതും, വാഹനങ്ങൾ നിരത്തിലില്ലാത്തതിനാലും, റോഡിന്റെ നിർമ്മാണ ജോലികൾ വേഗത്തിലാക്കി. റാന്നി പാലം മുതൽ എരുമേലി റോഡിലെ ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള, കലുങ്കിന്റെയും, ഓടയുടെയും പണികളാണ് നടന്നു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വാഹനഗതാഗതത്തിന് നിയന്ത്രണമായതോടെ ടാറിംഗ് ജോലികളും നടക്കുന്നുണ്ട്. ഇട്ടിയപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴയ ഫെഡറൽ ബാങ്ക് പടിവരെ ഞാറാഴ്ച വൈകുന്നേരത്തോടെ,ടാറിംഗ് പൂർത്തിയായി. കൂടാതെ മാമുക്ക് ജംഗ്ഷനിലുള്ള പമ്പിനെ സമീപമുള്ള ഓടയുടെ നിർമ്മാണവും, പഴവങ്ങാടിക്കര സ്‌കൂളിനെ മുൻവശത്തേ ഓടയുടെ നിർമ്മാണവും നടക്കുന്നുണ്ട്.