ചെങ്ങന്നൂർ : സർക്കാർ അനുമതിയില്ലാതെ കൊവിഡ് ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിക്ക് ശുപാർശ. ആരോഗ്യവകുപ്പ് ഇടപെട്ട് രോഗികളെ സി.എഫ്.എൽ.ടിയിലേക്ക് മാറ്റി. വെൺമണിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അനുമതിയില്ലാതെ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി ആശുപത്രിയിലെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ നാല് കൊവിഡ് ബാധിതരെ കണ്ടെത്തിയത്. ആശുപത്രി കൊവിഡ് ബാധിതരെ ചികിത്സിക്കാൻ അനുമതി നേടിയിരുന്നില്ലെന്നു കൊവിഡ് ജാഗ്രതാ പോർട്ടലിൽ ആശുപത്രിയുടേയോ കൊവിഡ് ബാധിതരുടേയോ വിവരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും കണ്ടെത്തി. ഇതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ കൊവിഡ് ബാധിതരെ സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റി. തുടർന്ന് സേവാ ഭാരതിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ അണുനശീകരണം നടത്തി. ആശുപത്രിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.