ചെങ്ങന്നൂർ : കോടുകുളഞ്ഞിയിൽ കാലിത്തൊഴിത്തിനോട് ചേർന്ന മുറിയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ നിയുക്ത എം.എൽ.എ സജി ചെറിയാൻ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കരുണ പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഏറ്റെടുത്തു. അമ്മയും മകളും മകളുടെ മകനായ ഒൻപതു വയസ്സുകാരനുമാണ് കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ കഴിഞ്ഞിരുന്നത്. ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എം.എൽ.എ സ്ഥലത്തെത്തിയത്. വെൺസെക് ചെയർമാൻ കോശി സാമുവലിനെ ബന്ധപ്പെട്ടതിനെ തുടർന്ന് ഇവർക്ക് താൽക്കാലികമായി വെൺസെക് നിർമ്മിച്ച വീട്ടിൽ താമസമൊരുക്കി. ഭക്ഷ്യസാധനങ്ങളും നൽകി. കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് സജി ചെറിയാൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻപിള്ള എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സേവാഭാരതി ആലാ യൂണിറ്റും കുടുംബത്തിന് സഹായം നൽകി.