ചെങ്ങന്നൂർ: പക്ഷാഘാതം വന്ന് തളർന്ന വീട്ടമ്മയെ ചെങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു. മൂന്നു മാസങ്ങൾക്ക് മുമ്പ് അവശനിലയിൽ കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ പക്ഷാഘാതം വന്ന് തളർന്ന് കിടന്നിരുന്ന പുനലൂർ സ്വദേശിനിയായ വിജയലക്ഷ്മി (62) യെയാണ് അമ്മവീട് ഏറ്റെടുത്തത്. പക്ഷാഘാതം വന്ന് കിടപ്പിലായ ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി നാല് മാസങ്ങൾക്ക് മുമ്പ് വിജയലക്ഷ്മി കുവൈറ്റിലേക്ക് വീട്ടുജോലിക്കായി പോയിരുന്നു. വീട്ടിലെ പ്രയാസങ്ങളും ഭർത്താവിന്റെ രോഗാവസ്ഥയും ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്ന മനോവിഷമത്തിൽ രക്തസമ്മർദം വർദ്ധിച്ചതിനെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലാകുകയായിരുന്നു. ചികിത്സയും മറ്റും ബുദ്ധിമുട്ടായപ്പോൾ പുനലൂരിലുള്ള നാട്ടുകാരുടെ ഇടപെടൽകൊണ്ട് കുവൈറ്റിലെ സന്നദ്ധ സംഘടനയായ ഐ.സി.എഫ് വിജയലക്ഷ്മിയുടെ ആശുപത്രി ചിലവുകൾ ഏറ്റെടുത്തു. മൂന്ന് മാസക്കാലം ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് കുവൈറ്റ് എംബസിയും ഐ.സി.എഫ് സംഘടനയും ചേർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. ഇപ്പോഴും പരസഹായം കൂടാതെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലുള്ള വിജയലക്ഷ്മിയുടെ സംരക്ഷണം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. ഇതോടെ കുവൈറ്റ് എംബസിയുടേയും ഐ.സി.എഫ് സംഘടനയുടേയും നിർദേശ പ്രകാരം കിടങ്ങന്നൂർ കരുണാനിലയം പാലിയേറ്റീവ് കെയർ സെന്റർ കഴിഞ്ഞ ദിവസം പുലർച്ചയോടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തി വിജയലക്ഷ്മിയെ ഏറ്റെടുക്കുകയായിരുന്നു. തുടർ ചിക്തസയ്ക്കായി പാലിയേറ്റിവ് കെയറിലെക്ക് മാറ്റി.