പത്തനംതിട്ട: സർവെ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവാഭരണ പാതയിലെ കൈയേറ്റം അളക്കൽ പൂർത്തിയാകുന്നു. കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞമാസമാണ് സർവെ ആരംഭിച്ചത്. കോഴഞ്ചേരി താലൂക്കിലെ കൈയേറ്റം അളക്കൽ പൂർത്തിയായി. റാന്നി താലൂക്കിലെ കൈയേറ്റങ്ങളാണ് അളന്നുതിട്ടപ്പെടുത്തി കല്ലിട്ടുകൊണ്ടിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച നടപടികളുടെ റിപ്പോർട്ട് മേയ് 15നകം ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. 26ന് കേസ് പരിഗണിക്കും. റാന്നിയിൽ താലൂക്ക് സർവെയർ മനോജിന്റെ നേതൃത്വത്തിലാണ് അളക്കുന്നത്. തിരുവല്ല ആർ.ഡി.ഒ മേൽനോട്ടം വഹിക്കുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയ തിരുവാഭരണപാത സംരക്ഷണ സമിതി പ്രതിനിധി പ്രസാദ് കുഴിക്കാലയും കൈയേറ്റം അളക്കുന്ന സംഘത്തിലുണ്ട്.
റാന്നി താലൂക്കിൽ അയിരൂർ, ചെറുകോൽ, റാന്നി, വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലാണ് തിരുവാഭരണ പാത കൈയേറിയിട്ടുള്ളത്. പെരുനാട്ടിൽ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിന് സമീപം 3005 മീറ്റർ ഹാരിസൺ മലയാളം പ്ളാന്റേഷൻ കൈയേറിയെന്ന് ആക്ഷേപമുണ്ട്.
കോഴഞ്ചേരി താലൂക്കിൽ കുളനട മുതൽ കോഴഞ്ചേരി വരെയുള്ള കൈയേറ്റത്തിന്റെ മഹസർ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ കൈയേറ്റം അളന്ന് കല്ലുകൾ പുന:സ്ഥാപിച്ചു.
ആകെ 485 കൈയേറ്റങ്ങൾ
റാന്നി താലൂക്കിൽ മാത്രം 115