പള്ളിക്കൽ : കുടിവെള്ളക്ഷാമം രൂക്ഷമായ പള്ളിക്കൽ പഞ്ചായത്തിന് ആശ്വാസമായി സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്ത് ജലവിഭവ വകുപ്പ്. 67.10 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ ജല ജീവൻ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്നത്. കടമ്പനാട് ശുദ്ധജല പദ്ധതിക്ക് വെള്ളമെടുക്കുന്ന കല്ലടയാറ്റിലെ കിണറ്റിൽ നിന്ന് തന്നെ പുതിയ പദ്ധതിക്കും വെള്ളം ലഭ്യമാക്കും. കടമ്പനാട് പദ്ധതിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന മലങ്കാവിൽ മറ്റൊരു പ്ലാന്റും മുണ്ടപ്പള്ളി പാറക്കൂട്ടത്ത് ടാങ്കും സ്ഥാപിക്കും. പഞ്ചായത്തിലെ 23 വാർഡുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ 50 ശതമാനം തുകയായ 30 കോടി 19.50 ലക്ഷം രൂപ കേന്ദ്ര സർക്കാരും 25 ശതമാനം തുകയായ 20 കോടി 13. ലക്ഷം രൂപ സംസ്ഥാന സർക്കാരും ആണ് വഹിക്കുന്നത്. 15 ശതമാനം തുകയായ 10 കോടി 6.50 ലക്ഷം രൂപ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും 10 ശതമാനം തുകയായ 6 കോടി 71 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. കൂടാതെ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം പഞ്ചായത്ത് കണ്ടെത്തി നൽകണം. പഞ്ചായത്തിന്റെ വിഹിതം നൽകാൻ തയ്യാറാണെന്നുള്ള കത്ത് ജലസേചന വകുപ്പിന് കൈമാറിയാൽ സംസ്ഥാന സർക്കാർ മുഖാന്തിരം പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ മാർച്ചിൽ ജലസേചന വകുപ്പ് പഞ്ചായത്തിന് നൽകി. എന്നാൽ പഞ്ചായത്ത് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഭാവിയുടെ പ്രതീക്ഷ
11,500 വീടുകളുള്ള പള്ളിക്കലിൽ 485 പൊതുടാപ്പുകളും 1900 സ്വകാര്യ കണക്ഷനുകളുമാണ് ഉള്ളത്. നിലവിൽ ഒരു ദിവസം 2, 296,6000 ലിറ്റർ വെള്ളം പഞ്ചായത്തിൽ ആവശ്യമുണ്ടെന്നാണ് കണക്ക്. 38,5000 ലിറ്റർ ഇപ്പോൾ വാട്ടർ അതോറിറ്റി നൽകുന്നുവെന്നാണ് അവകാശവാദം.
30 വർഷം മുൻകൂട്ടി കണ്ടുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്.