covid-funeral
മല്ലപ്പള്ളി പൊതുശ്മശാനത്ത് ഇന്നലെ നടന്ന മൃതസംസ്ക്കാരങ്ങൾ

മല്ലപ്പള്ളി : മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മല്ലപ്പള്ളിയിൽ കാര്യക്ഷമമായ സംവിധാനമില്ലാത്തത് ബുദ്ധിമുട്ടായി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബന്ധുക്കളും സന്നദ്ധസേനാ പ്രവർത്തകരും വലയുന്നു. കല്ലുപ്പാറയിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനാണ് ഇന്നലെ ബുദ്ധിമുട്ടിയത്. മൃതദേഹങ്ങൾ സമുദായ ആചാരപ്രകാരം സംസ്‌കരിക്കേണ്ടത് ആനിക്കാട് പഞ്ചായത്ത് 13-ാം വാർഡിലെ പെന്തക്കോസ്ത് സഭ വക സെമിത്തേരിയിലാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്ളതിനാൽ ആനിക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തിലും പിന്നീട് കല്ലൂപ്പാറ പഞ്ചായത്ത് പൊതുശ്മശാനത്തിലും സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ മൂലം നടന്നില്ല. പിന്നീട് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുന്നമറ്റത്തുള്ള പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടത്തിയത്. ചിങ്ങവനം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച സംസ്‌കരണികളിൽ ആനിക്കാട് ഗ്രാമപഞ്ചായത്ത് അംഗം മാത്യുസ് കല്ലുപുരയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേനാ പ്രവർത്തകരുടെ സഹകരണത്തോടെയാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തികരിച്ചത്. ആനിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ സന്നദ്ധ സേനാ പ്രവർത്തകരായ ജോസഫ് ഐസക്ക്, ജോബിൻ സി ജോയ്, ഷിബിൻ എൻ.ഐ, നിതിൻ എം. ലാലു, നിബിൻ തമ്പി, ടോണി കെ.മാത്യു, വിശാഖ് വിശ്വൻ, ജോമോൻ സി.ജെ., മഹേഷ് സുരേഷ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചത്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വൈദ്യുതിയോ വാതകമോ ഉപയോഗിച്ചുള്ള സ്ഥിരമായ സംവിധാനങ്ങൾ മല്ലപ്പള്ളി താലൂക്കിൽ ഇല്ലെന്ന് കേരള കൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.