ആറന്മുള: പഞ്ചായത്തിലെ എഴിക്കാട് കോളനിയിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്നലെ വരെ 51 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആളുകളിലേക്ക് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്നലെ കോളനിയിൽ സ്രവ പരിശോധന നടത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവരുമായി നിയുക്ത എം.എൽ.എ വീണാ ജോർജ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചു. വല്ലന സി.എച്ച്.സി യിലെ ഡോക്ടറും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ് മെഡിക്കൽ ടീമിലുള്ളത്. കമ്യൂണിറ്റി ഹാളിൽ ഹെൽപ് ഡസ്കിന്റെ സേവനവും ആരംഭിച്ചു. ഏ കെ ജി പാലിയേറ്റിവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ ആംബുലൻസും ക്രമീകരിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ യുടെ നേത്യത്വത്തിൽ വീടുകൾ അണുവിമുക്തമാക്കുകയും ഭക്ഷ്യ കിറ്റുകൾ എത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി പി.ബി. സതീഷ് കുമാർ അറിയിച്ചു.