ജനറൽ ആശുപത്രിയിൽ പ്രത്യേക സംവിധനങ്ങൾ നടപ്പാക്കി

അടൂർ : ജനറൽ ആശുപ്രതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി അടൂർ നഗരസഭ. കൊവിഡ് രോഗികളും മറ്റ് രോഗികളും തമ്മിൽ കൂടികലരുന്നത് ഒഴിവാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. നിലവിൽ കൊവിഡ് പരിശോധന ജനറൽ ആശുപത്രിയുടെ മുന്നിലുള്ള പഴയ പേവാർഡിനോട് ചേർന്നായിരുന്നു. മറ്റ് രോഗികളും ഇതുവഴി കടന്നുപോകുന്നതുവഴി സമ്പർക്ക വ്യാപനത്തിനുള്ള വഴി ഒഴിവാക്കാനായി ഇനി മുതൽ ആശുപത്രിക്ക് പിന്നിലുളള ഐ. എച്ച്. ആർ. ഡി കോളേജിലേക്ക് കൊവിഡ് പരിശോധനയുടെ സാമ്പിൾ ശേഖരിക്കുന്നതിനുള്ള ഇടമാക്കി മാറ്റി. ഇവിടെത്തന്നെ ആശുപത്രി ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. നിലവിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി വന്നത് കുട്ടികളുടെ വാർഡായി പ്രവർത്തിച്ചുവന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു. പ്രായമായവർക്ക് കയറി എത്തുന്നതിനുള്ള ബുദ്ധിമുട്ടും സ്ഥലക്കുറവും കണക്കിലെടുത്ത് ഇനിമുതൽ വാക്സിൻ നൽകുന്നതിനായി അടൂർ എസ്. എൻ. ഡി. പി യൂണിയൻ വളപ്പിലെ ഹാൾ നഗരസഭ ഏറ്റെടുത്തു. ഇവിടെ എത്തുന്നവർക്ക് ഇരിപ്പടമുൾപ്പെടെയുള്ള സൗകര്യം ഉറപ്പാക്കിയതോടെ അതും ആശുപത്രി വളപ്പിലെ തിരക്കിൽ നിന്നും ഒഴിവായി നിൽക്കും. ഇതോടെ പഴയ കെ എച്ച്. ആർ. ഡബ്ളിയു. എസിന്റെ പേവാർഡിൽ 20 മുറികൾ കൂടി ക്രമീകരിച്ചതോടെ കൊവിഡ് രോഗികൾക്കായി കൂടുതൽ കിടക്കകൾ സജ്ജമായി. ഗ്രീൻവാലി കൺവെൻഷൻ സെന്ററിലായിരുന്നു നേരത്തെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിച്ചുവന്നത്. രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ ഇവിടം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആൾ സെയ്ന്റ്സ് സ്കൂൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി നഗരസഭ ഏറ്റെടുത്തു.

----------------

കൊവിഡ് പടരുന്ന സാഹചര്യത്തിൽ പരമാവധി സൗകര്യവും രോഗികൾക്ക് സൗജന്യ സേവനവും ഒരുക്കുന്നതിൽ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നഗരസഭ

ഡി. സജി,

ചെയർമാൻ, അടൂർ നഗരസഭ