ഇലവുംതിട്ട: ക്ഷേത്ര ഓഫീസും വഞ്ചിയും പൊലീസ് താഴിട്ട് പൂട്ടിയതായി പരാതി. അയത്തിൽ മലനട ക്ഷേത്ര ഭരണസമിതിയാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പുതിയ ഭരണസമിതിക്ക് കണക്കും പണവുംകൈമാറിയില്ലെന്ന പരാതിക്ക് പരിഹാരം കാണാതെയാണ് പൊലീസ് പഴയ പൂട്ടുകൾ പൊളിച്ചു പുതിയ താഴിട്ട് ഓഫീസും വഞ്ചിയും പൂട്ടിയതെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി തമ്പി പരാതിയിൽ പറഞ്ഞു. എന്നാൽ, ക്ഷേത്ര ഓഫീസും വഞ്ചിയും പൂട്ടിയിട്ടില്ലായെന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ എം.രാജേഷ് പറഞ്ഞു. പുതിയ ഭരണസമിതിയും പഴയ ഭരണസമിതിയും തമ്മിൽ തർക്കം നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. കൂടിയാലോചനയിൽ പങ്കെടുക്കേണ്ട ഒരാൾ കൊവിഡ് ചികിത്സയിലായതിനാലാണ് പരാതികൾക്ക് പരിഹാരം കണ്ടെത്താൻ കാലതാമസം നേരിടുന്നതെന്ന് എസ്.എച്ച്. ഒ പറഞ്ഞു.