കൂടൽ: കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുത പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണ കൂടലിൽ അഞ്ച് ദിവസമായിട്ടും വൈദ്യുതി പുന:സ്ഥാപിച്ചില്ല. ഒടിഞ്ഞപോസ്റ്റുകൾ പലതും അങ്ങനെ തന്നെ കിടക്കുന്നു. കൂടൽ, നെല്ലിമുരുപ്പ്, മാങ്കുഴി, പുന്നമൂട്, കുരിശുമൂട്, വട്ടുതറ എന്നിവിടങ്ങളിലെ ഇടവഴികളിൽ ഒടിഞ്ഞുവീണ പോസ്റ്റുകൾ നീക്കംചെയ്തിട്ടു പോലുമില്ല. ചാർജ് ചെയ്യാൻ കഴിയാതെ മിക്കവരുടെയും മൊബൈൽ ഫോണുകൾ ഒാഫായി. രോഗമുള്ളവരും പ്രായമായവരുമായ ആളുകൾ ഉള്ള വീടുകളിൽ പോലും വാട്ടർ ടാങ്കുകളിൽ വെള്ളം നിറയ്ക്കാൻ കഴിയുന്നില്ല. സാമ്പത്തിക ശേഷിയുള്ളവർ ജനറേറ്റർ കൊണ്ടുവന്ന് മോട്ടോർ പ്രവർത്തിപ്പിക്കുന്നുണ്ട്. അതിന് വലിയ ചാർജ് ഇൗടാക്കുന്നതായും പരാതികൾ ഉയരുന്നു.
മിക്ക വീടുകളിലും ഫ്രിഡ്ജിൽ വയ്ക്കേണ്ട മരുന്നുകളും ഭക്ഷണസാധനങ്ങളും കേടായി. കൊവിഡ് കാലമായതിനാൽ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്കുളള പോക്കും വരവും കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് മരുന്നുകൾ വൈദ്യുതിയുള്ള വീടുകളിൽ സൂക്ഷിക്കാൻ കഴിയാതെ വരുന്നു.
പ്രധാന റോഡുകളിലെ ഒടിഞ്ഞ വൈദ്യുത പോസ്റ്റുകൾ മാത്രമാണ് പുന:സ്ഥാപിക്കുന്നതെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. കൊവിഡ് തരംഗത്തെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികൾ മടങ്ങിയതിനാൽ ജോലിക്കാർ കുറവാണ്.