പന്തളം: ലോക്ക് ഡൗൺ കാലത്ത് സഹായ ഹസ്തവുമായി പന്തളം ജനമൈത്രി പൊലീസ്. പന്തളം മങ്ങാരം മണ്ണിൽ പറമ്പിൽ മാധവനും കുടുംബവും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിലുള്ല എട്ട് പേർ ക്വാറന്റൈനിൽ പോകേണ്ടി വന്നു. പശുക്കളെ വളർത്തി ഉപജീവനം നടത്തിയ ഇവർക്ക് പശുക്കൾക്ക് ആഹാരം ഇല്ലാത്ത അവസ്ഥ ആയി. വിവരം പന്തളം ജനമൈത്രി പൊലീസിനെ ഫോണിലൂടെ ബന്ധപ്പെട്ട് അറിയിച്ചു.തുടർന്ന് ബീറ്റ് ഓഫീസർമ്മാരായ അമീഷ് കെ , സുബീക് റെഹീം എന്നിവർ മുടിയുർക്കോണം പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് ജനമൈത്രി യൂത്ത് ക്ലബ് അംഗങ്ങളായ ഷാൻ മുത്തൂണിൽ, ഷാജി കുട്ടി, പൊലീസ് വോളന്റീർസായ ആദർശ് ടി.എസ് , ജിതിൻ പി മോഹൻ , അഭിജിത് ലാൽ , മഞ്ജു പൗലോസ് എന്നിവരുടെ സഹായത്തോടെ പാടത്തു നിന്ന് വൈക്കോൽ ശേഖരിച്ചു വീട്ടിൽ എത്തിച്ചു നൽകി.