police
ജില്ലാ പൊലീസ് മേധാവി പി.​ നി​ശാന്തി​നി​ കുന്നന്താനം പഞ്ചായത്ത് അധികൃതരുമായി​ സംസാരി​ക്കുന്നു

കോഴഞ്ചേരി : പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം പെരുകുന്നു. കെ.എ.പി ഉൾപ്പെടെ ജില്ലയിൽ ഇതുവരെ 200ൽ അധികം പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 600ൽ അധികം പേർ നിരീക്ഷണത്തിലുമാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കും ആൾക്ഷാമമായി.

ആൾക്കൂട്ടത്തിലും അല്ലാതെയും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട ഇവർക്ക് മാസ്ക്കല്ലാതെ മറ്റൊരു രക്ഷാകവചവുമില്ല. ഇന്നലെ മുതലാണ് ഷിഫ്റ്റ് സമ്പ്രദായം വന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം കൊവിഡ് ചികിത്സാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം കൊവിഡ് പോസിറ്റീവാകുന്നവരുടെ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ടവർക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത പൊലീസിനെയും വലയ്ക്കുന്നു. കൊവിഡ് മുന്നണിപ്പോരാളികളായ പൊലീസുകാരുടെ സുരക്ഷാ കാര്യം ആരും പരിഗണിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് സേനയിൽ കൊവിഡ് വ്യാപനവും രൂക്ഷമാകുന്നത്.

കൊവിഡിന്റെ ഒന്നാംവരവ് മുതൽ തുടങ്ങിയ ഡ്യൂട്ടി ഇക്കുറി രണ്ടാം വരവിൽ വർദ്ധിക്കുകയാണ് ചെയ്തത്. ലോക്ക് ഡൗൺ വന്നതോടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ എണ്ണവും കൂടി . നിരീക്ഷണത്തിലും കൊവിഡാനന്തര ചികിത്സയിലുള്ളവരെയും കൂടി കണക്കാക്കുമ്പോൾ 500 ന് അടുത്ത് പൊലീസുകാർക്ക് ജോലിയ്ക്ക് എത്താനും പറ്റാത്ത സ്ഥിതി. ഇവരുടെ ഒഴിവ് ഇപ്പോൾ നികത്തുന്നത് ബറ്റാലിയനുകളിൽ നിന്നാണ്. സാമൂഹിക അകലം പാലിക്കാനാകാതെ ജോലി ചെയ്യുന്നതിനാൽ രോഗവ്യാപനം ഇനിയും കൂടുമെന്ന ആശങ്കയും സേനയിലുണ്ട്.

ജില്ലയിൽ 200 ൽ അധികം പൊലീസുകാർക്ക് കൊവിഡ്,

600ൽ അധികം പേർ നിരീക്ഷണത്തിൽ

രോഗബാധിതരുമായി ഇടപഴകിയവർക്ക് ക്വാറന്റൈൻ അനുവദിക്കുക, ഫേയ്സ് ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ഡി.ജി.പിയ്ക്ക് കത്തു നൽകിയിരുന്നു.

" പൊലീസിന് മാസ്ക്‌, ആവശ്യമായ സാനിറ്റൈസർ എന്നിവ ആരോഗ്യ വകുപ്പ് നൽകും. ലോക്ക് ഡൗൺ ഡ്യൂട്ടിയുള്ളവർക്ക് അനുവദിച്ച സ്ഥലങ്ങളിൽ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ നേരിട്ട് എത്തിയാൽ മതി. വീടിനടുത്തുള്ള സ്‌റ്റേഷനുകളിൽ ഓരോരുത്തർക്കും ഡ്യൂട്ടി അനുവദിക്കാനും നിർദ്ദേശം നൽകി."

( ലോക് നാഥ് ബെഹ്റ, ഡി.ജി.പി.)

പൊലീസുകാർക്ക് കൊവിഡ്:

തണ്ണിത്തോട് സ്റ്റേഷനിൽ പ്രതിസന്ധി

തണ്ണിത്തോട് :തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതോടെ സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇൻസ്പക്ടർ ഉൾപ്പെടെ മുപ്പത്തിയൊന്ന് പൊലീസുകാരാണ് ഇവിടെയുള്ളത്. പതിന്നാല് പേർക്കാണ് കൊവിഡ് ബാധിച്ചത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചത് ഇവിടെയാണ്. ഇവരെകൂടാതെ 3 പേർ മെഡിക്കൽ അവധിയിലും ഒരാൾ ക്വാറന്റെനിലും 2 പേർ ഡി.വൈ. എസ്.പി ഓഫീസ് ഡ്യൂട്ടിയിലുമാണ്. ഡ്രൈവർക്കും രോഗം ബാധിച്ചതിനാൽ പട്രോളിംഗ് നടത്താനും കഴിയാത്ത അവസ്ഥയാണ്. അംഗബലം കുറഞ്ഞതോടെ നിലവിലുള്ള പൊലീസുകാർക്ക് ജോലി ഭാരം കൂടിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ എലിമുള്ളുംപ്ലാക്കലിൽ മാത്രമാണ് ഇപ്പോൾ പൊലിസ് പരിശോധനയുള്ളത്. കെ. എ. പി ബറ്റാലിയനിൽ നിന്നുള്ളവരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പകരം സംവിധാനമില്ലാത്തതിനാൽ ഒരേ ഉദ്യോഗസ്ഥർ തന്നെ ദിവസങ്ങളോളം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണ്.

ജില്ലാ പൊലീസ് മേധാവി അടിയന്തര സന്ദർശനം നടത്തി

മല്ലപ്പള്ളി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി പി. നിശാന്തിനി മല്ലപ്പള്ളി, കുന്നന്താനം എന്നിവിടങ്ങളിൽ അടിയന്തര സന്ദർശനം നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പരിശോധന. മല്ലപ്പള്ളി ടൗണിൽ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം കുന്നന്താനം പഞ്ചായത്ത് ഓഫീസിൽ എത്തി. കുന്നന്താനത്തെ എല്ലാ വഴികളും അടയ്ക്കും. അടിയന്തരഘട്ടത്തിൽ പുറത്തേക്ക് പോകുവാൻ പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. ചാഞ്ഞോടി, കീഴടി, ചെങ്ങരൂർച്ചിറ, നെടുങ്ങാടപ്പള്ളി ജംഗ്ഷനുകൾ തുറന്നുകൊടുക്കും. വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌ക് രൂപീകരിച്ചു. മെഡിക്കൽ സ്റ്റോർ, റേഷൻകട, പെട്രോൾ പമ്പ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 വരെ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളു. പ്രഭാത, സായാഹ്ന നടത്തം പൂർണ്ണമായി നിരോധിക്കുന്നതിനും അനാവശ്യമായ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനും നിയന്ത്രണങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.