ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ നിറുത്തിവച്ച സ്രവ പരിശോധനയും വാക്‌സിനേഷനും ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് രാജീവ്കുമാർ അറിയിച്ചു. ജില്ലാ ആശുത്രിയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനാലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിറുത്തിവച്ചത്. നഗരസഭ മൂന്നിടങ്ങളിൽ വാക്‌സിനേഷൻ സെന്റർ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ നിയുക്ത എം.എൽ.എ സജി ചെറിയാന്റെ നിർദേശപ്രകാരം ജില്ലാ പഞ്ചായത്തിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധനയും വാക്‌സിനേഷനും എൻജിനീയറിംഗ് കോളേജിൽ ആരംഭിച്ചത്. ഇന്നലെ മുതൽ സ്രവ പരിശോധന ആരംഭിച്ചു. വാക്‌സിൻ ലഭിച്ച് തുടങ്ങിയാൽ വാക്‌സിനേഷനും തുടങ്ങുമെന്ന് സൂപ്രണ്ട് അറിയിച്ചു.