ചെങ്ങന്നൂർ: ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യ മൂന്ന് ദിവസങ്ങളിലായി 50 കേസുകൾ രജിസ്റ്റർ ചെയ്തതായി ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. ഇത് കൂടാതെ നിരവധി പേരെ താക്കീത് ചെയ്ത് വിട്ടയച്ചിട്ടുമുണ്ട്. കൊവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മേഖലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികളും സമ്പർക്കപ്പട്ടികയിൽ ഉള്ളവരും ക്വാറന്റൈനിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ക്വാറന്റൈനിൽ ചെക്കിംഗ് ടീം പ്രവർത്തിക്കുന്നുണ്ട്. കണ്ടയ്ൻമെന്റ് സോണുകളിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ്, വോളന്റിയർ, പഞ്ചായത്ത്, റവന്യൂ, ആരോഗ്യ വകുപ്പ് അധികാരികൾ എന്നിവരുമായി യോജിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.