ചെങ്ങന്നൂർ: വയോധികന് മരുന്ന് എത്തിച്ചുനൽകി പൊലീസ്. ക്രിസ്ത്യൻ കോളേജിലെ റിട്ട.ജീവനക്കാരൻ പുന്തല വിരാടത്ത് കിഴക്കേതിൽ ജോർജിനാണ് (80) പൊലീസ് മരുന്ന് എത്തിച്ച് നൽകിയത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിട്ടിൽ വിശ്രമിക്കുന്ന ജോർജിനൊപ്പം ഭാര്യ മാത്രമാണുള്ളത്. മക്കൾ ഗുജറാത്തിലാണ്. ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്ന് തീർന്നതിനെ തുടർന്ന് തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമീലെ നമ്പരിൽ വിളിക്കുകയായിരുന്നു. അവിടെ നിന്നും ആലപ്പുഴ കൺട്രോൾ റൂമിലേക്കും തുടർന്ന് വെൺമണി പൊലീസ് സ്റ്റേഷനിലേക്കും അറിയിച്ച് നൽകി. വെൺമണി ഗ്രേഡ് എസ്.ഐ പി.ജി.ജയൻ വീട്ടിലെത്തി പണവും മരുന്നിന്റെ കുറിപ്പടിയും വാങ്ങി ചെങ്ങന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് രണ്ട് മാസത്തെ മരുന്ന് വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.