തിരുവല്ല: നിലവാരമുയർത്തി നിർമ്മിക്കുന്ന പൊടിയാടി- തിരുവല്ല സംസ്ഥാനപാതയുടെ പണികൾക്ക് ലോക്ക്ഡൗണിലും മുടക്കമില്ല. കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. റോഡ് പണികളുടെ ഭാഗമായി കലുങ്കുകളും ഓടകളും മറ്റും പുനർനിർമ്മിക്കുന്ന ജോലികളാണ് തടസമില്ലാതെ നടന്നുവരുന്നത്. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ഭാഗത്തെ ഏഴ് കലുങ്കുകൾ പൊളിച്ചശേഷം വീതികൂട്ടിയാണ് നിർമ്മാണം. പൊടിയാടി മുതൽ ഉണ്ടപ്ലാവ് വരെ മൂന്ന് കലുങ്കുകളും പാലിയേക്കര മുതൽ കുരിശുകവല വരെ നാല് കലുങ്കുകളുമാണ് പൊളിച്ചു പണിയുന്നത്. നിർമ്മാണം വേഗത്തിലാക്കാൻ പൊടിയാടിയിൽ നിന്നും പെരിങ്ങര വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. ഗതാഗതതിരക്ക് കുറയ്ക്കാൻ സമാന്തരപാതയും സജ്ജമാക്കി. റോഡിലെ കൊടുംവളവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സർവേ ജോലികളും നടക്കുന്നു. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള 4.9 കിലോമീറ്റർ ദൂരത്തിൽ 9 കൊടുംവളവുകളും 10 ചെറിയ വളവുകളുമുണ്ട്. ഇവ ഒഴിവാക്കുന്നതിനായി ചിലയിടങ്ങളിൽ പുറമ്പോക്കും കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റങ്ങളും ഒഴിപ്പിക്കും. തിരുവല്ല -അമ്പലപ്പുഴ റോഡിന്റെ രണ്ടാംഘട്ടമായി കിഫ്ബിയിൽ നിന്നും അനുവദിച്ച 52 കോടി രൂപ ചെലവഴിച്ചാണ് പൊടിയാടി മുതൽ റോഡ് വീതികൂട്ടി നവീകരിക്കുന്നത്.

മഴക്കാലത്തിന് മുമ്പേ


ലോക്ക്ഡൗണിൽ പണികൾ വേഗത്തിലാക്കി മഴക്കാലം ശക്തമാകുന്നതിന് മുമ്പ് കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർ പറഞ്ഞു. പൊടിയാടി മുതൽ തിരുവല്ല വരെ 13.6 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. 10 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയും നിർമ്മിക്കും. വഴികൾ ഇല്ലാത്ത ഭാഗങ്ങളിൽ നടപ്പാത ഉയർത്തിയാണ് നിർമ്മിക്കുക. ഒരുവശത്ത് ഓടയും മറുവശത്ത് കേബിളുകളും മറ്റും കടത്തിവിടാനുള്ള ഡക്റ്റും നിർമ്മിക്കുന്നുണ്ട്. ഒരുവർഷമാണ് കരാർ കാലാവധി.

പൈപ്പ് മാറ്റാൻ നടപടിയായില്ല


റോഡിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന പ്രധാന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ ഇതുവരെയും നടപടിയായിട്ടില്ല. ഇതുകാരണം പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ചിട്ടുള്ള വലിയ പൈപ്പിൽ ഭാവിയിൽ ചോർച്ചയുണ്ടായി റോഡ് തകർച്ചയ്ക്കുള്ള സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. വലിയ പൈപ്പിൽ ചോർച്ചയുണ്ടായി റോഡ് തകരുന്നത് പതിവാണ്. അമ്പിളി ജംഗ്‌ഷനിൽ ഇപ്പോഴും ചോർച്ചയുണ്ട്. പുതിയ ലൈനിലൂടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. അതേസമയം ചെറിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനുള്ള ഡക്ടുകളുടെ നിർമ്മാണവും റോഡിന്റെ വശങ്ങളിൽ ഇപ്പോൾ നടന്നുവരുന്നുണ്ട്.

------------------

-13.6 മീറ്റർ വീതിയിൽ റോഡ് നിർമ്മാണം

-10 മീറ്റർ വീതിയിൽ ടാറിംഗ്

-ചെലവ് 52 കോടി

--------------------

4.9 കിലോമീറ്റർ ദൂരത്തിൽ 9 കൊടുംവളവുകളും 10 ചെറിയ വളവുകളും