പന്തളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചതായി നിയുക്ത എം.എൽ.എ ചിറ്റയം ഗോപകുമാർ അറിയിച്ചു. രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റയം ഗോപകുമാർ വിളിച്ചുചേർത്ത യോഗത്തിൽ പഞ്ചായത്തിൽ നിലവിൽ നടന്നു വരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും വിശകലനം നടത്തി. എല്ലാ വാർഡുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സമിതികളുടെ പ്രവർത്തനവും ശക്തമായി നടന്നുവരുന്നു. ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ 50 വീടുകൾ ചേർന്നുള്ള ക്ലസ്റ്റർ രൂപീകരിക്കുകയും അവിടെ പ്രത്യേകമായ വോളണ്ടിയേഴ്സിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സി.എഫ്.എൽ.ടി.സി യിൽ നിലവിൽ ഒമ്പത് പേരെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഹോം ഐസൊലേഷനിൽ 75 പേരും ഉണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ടാക്സി, മൂന്ന് ഓട്ടോറിക്ഷ, ഒരിപ്പുറം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ സ്‌കൂൾ ബസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആയുർവേദം, ഹോമിയോപ്പതി വകുപ്പുകളുടെ പ്രതിരോധ കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാർഡുതല ജാഗ്രതാസമിതി ശക്തമാക്കുന്നതിന്റെ ഭാഗമായി വാർഡ് മെമ്പർ, ജനമൈത്രി പൊലീസ്, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ കൊവിഡിനേഷൻ ശക്തമാക്കുന്നതിനും യോഗം തീരുമാനമെടുത്തു ഭക്ഷണ ക്രമീകരണവും ചെയ്യുന്നുണ്ട്.. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം വിദ്യാധര പണിക്കർ, മെഡിക്കൽ ഓഫീസർ ശ്യാമപ്രസാദ്, സെക്രട്ടറി അംബിക, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ്, കൊടുമൺ സി.ഐ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.