nurse

കോഴഞ്ചേരി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോഴും സംസ്ഥാനത്തെ 'സീറോ വാക്സിൻ വേസ്റ്റേജ് ' എന്ന നേട്ടത്തിലേ ക്കുയർത്തിയ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ അവഗണനയിൽ.

ശമ്പള വർദ്ധനവിൽ നിന്ന് ശമ്പള കമ്മിഷനും സർക്കാരും തങ്ങളെ തഴഞ്ഞുവെന്നാണ് നഴ്സുമാരുടെ പരാതി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് മുതൽ കൊവിഡ് വാക്സിൻ കുത്തിവയ്പ് വരെ നിർവ്വഹിക്കുന്നത് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരാണ്.

ഇവരുടെ കാറ്റഗറിയിലുള്ളവർക്ക് ശമ്പള വർദ്ധനവ് ഉണ്ടായപ്പോഴും നഴ്സുമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ശമ്പള കമ്മിഷൻ വിസ്മരിച്ചു.

സമാന കേഡറിലുള്ള ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡെൻ്റൽ മെക്കാനിക്ക്, ഡെൻ്റൽ ഹൈജീനിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, റേഡിയോഗ്രാഫർ എന്നീ തസ്തികയിലുള്ളവർക്ക് കൊവിഡ് മുന്നണിപ്പോരാളികൾ എന്ന നിലയിൽ 4,500 രൂപ വരെ ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു.

ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ എന്നിവരാണ് കൊവിഡിന്റെ ഒന്നാം ഘട്ട വ്യാപനം തടയുന്നതിന് പ്രധാന പങ്ക് വഹിച്ചവർ.

" കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലും ഭീതി മറന്ന് ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നത്. പുതിയ സർക്കാർ ഞങ്ങളുടെ അഹോരാത്രമുള്ള ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ."

( ജെ. രമാദേവി, ജൂനിയർ പബ്ലിക്ക്

ഹെൽത്ത് നഴ്സ്, പത്തനംതിട്ട)