12-mukkada-road
മുക്കട-ഇടമൺ-അത്തിക്കയം എം.എൽ.എ റോഡ്‌

റാന്നി: മുക്കട-ഇടമൺ-അത്തിക്കയം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണം വീണ്ടും മുടങ്ങി.വാഹന യാത്ര ദുഷ്‌കരമായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.വെള്ളിയറപടി മുതൽ കണ്ണമ്പള്ളി ജംഗ്ഷൻ വരെയാണ് രണ്ടാംഘട്ട നിർമ്മാണം. പത്തുകിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്.ശബരിമല തീർത്ഥാടകർക്ക് റാന്നി വഴി ചുറ്റാതെ എളുപ്പത്തിൽ പെരുനാട്ടിൽ എത്തിച്ചേരാനുള്ള മാർഗവും ശബരിമല പാതയായി ഹൈക്കോടതി അംഗീകരിച്ച 17റോഡുകളിലൊന്നുമാണിത്. റോഡിലെ പഴയ ടാറിങ് ഇളക്കിനീക്കുന്ന ജോലികൾ നേരത്തെ തുടങ്ങിയിരുന്നു. കണ്ണമ്പള്ളി ഭാഗത്ത് ഓട നിർമ്മാണവും പൂർത്തിയായി.വാഴക്കാല ജംഗ്ഷനിൽ ചെറിയ കയറ്റം മണ്ണുമാറ്റി നിരപ്പാക്കിയിരുന്നു.ടാറിങ് ഇളക്കി ഇട്ടതോടെ വാഹന യാത്ര ബുദ്ധിമുട്ടാണ്.ഇതോടെ നാട്ടുകാർ കരാറുകാർക്കെതിരെ പരാതിപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച ടാറിങ് ഇളക്കിമാറ്റിയ വെള്ളിയറപടി മുതൽ വാഴക്കാല വരെ പാറ മക്കിടുന്ന ജോലികൾ ആരംഭിച്ചിരുന്നു.എന്നാൽ രണ്ടു ദിവസം കഴിഞ്ഞതോടെ തൊഴിലാളികൾ മടങ്ങിപ്പോയി.പാറമക്ക് ഇട്ടത് ലെവൽ ചെയ്തശേഷം ടാറിങ് ജോലികൾ ആരംഭിക്കേണ്ടതാണ്.എന്നാൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ലെവലിങ്ങാണ് നടത്തിയിരിക്കുന്നത്.

.ആറു മാസം മുമ്പ് ആരംഭിച്ചതാണ് റോഡ് പണി. ഇഴഞ്ഞും മുടങ്ങിയും നീങ്ങിയ നിർമ്മാണ ജോലികൾ കഴിഞ്ഞിടെ ചിലർ തടഞ്ഞിരുന്നു.ഇതോടെ ജോലികൾ കരാർ കമ്പനി നിറുത്തിവച്ചിരിക്കുകയായിരുന്നു. തുടർന്ന് പണികൾ ആരംഭിക്കണമെന്ന് ആവശ്യെപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു.തുടർന്നാണ് നിർമ്മാണം രണ്ടു ദിവസത്തേക്ക് ആരംഭിച്ചത്.1.5കിലോമീറ്റർ ദൂരമാണ് പുനരുദ്ധരിക്കാനുള്ളത്.