അടൂർ: ചാരായം വാറ്റിക്കൊണ്ടിരുന്ന പെരിങ്ങിനാട് വെട്ടിക്കോടുവിള നാരായണൻ(67), പെരുമ്പാങ്കുഴി കിഴക്കേക്കര അലക്സ് (45) എന്നിവരെ പൊലീസ് ഇൻസ്‌പെക്ടർ സുനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ രാത്രി 11 മണിയോടെ പെരിങ്ങനാട്ടുള്ള റബർ തോട്ടത്തിലായിരുന്നു വാറ്റ്. രണ്ടു ലിറ്റർ ചാരായവും 25 ലിറ്റർ കോടയും നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു.
ഒരു കുപ്പി ചാരായം 2000 രൂപയ്ക്കാണ് വിറ്റിരുന്നത്. ലോക്ഡൗൺമൂലം ബാറും ബിവറേജസും തുറക്കാതായതോടെ ചാരായത്തിന് ആവശ്യക്കാർ ഏറിയിരുന്നു. ദിവസവും വാറ്റി വിൽപ്പന നടത്തുകയാണ് ഇവർ ചെയ്തിരുന്നത്. നാരായണൻ ചാരായം വാറ്റാൻ നിയോഗിച്ച തൊഴിലാളിയാണ് അലക്സ്. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന. എസ്.ഐ മാരായ നിത്യ, വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ, ബിനു, സുജിത്, അഖിൽ, ശ്രീരാജ്, രാജേഷ് ,സോളമൻ ഡേവിഡ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.