അടൂർ : ലോക്ഡൗണിന് തൊട്ടുമുന്നോടിയായി സംസ്ഥാനത്തെ ബാറുകളും ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റുകളും അടച്ചു പൂട്ടിയതിന്റെ മറവിൽ വ്യാജചാരായ ലോബി കൊഴുക്കുന്നു. മദ്യത്തിനായി ഒരുവിഭാഗം നെട്ടോട്ടമോടുന്നതിന്റെ മറവിലാണിത്. ചോദിക്കുന്ന പണംകൊടുത്ത് മദ്യം വാങ്ങാൻ ആളുകൾ തയാറാകുന്നതോടെ മുൻപ് ഒരുകാലത്തുമില്ലാത്ത ചൂഷണമാണ് വ്യാജചാരായ ലോബി നടത്തുന്നത്. പൂഴ്ത്തിവെയ്ക്കുന്നതിനും അവസരം ഇത്തവണ ലഭിച്ചിരുന്നില്ല. ജില്ലയിലെ ബാറുകൾ മുഴുവൻ അടുത്ത ദിവസം രാവിലെ തന്നെ സ്റ്റോക്ക് പരിശോധിച്ച് എക്സൈസ് സംഘം സീലും ചെയ്തു. ഇതോടെ മദ്യം കിട്ടാക്കനിയായി.പട്ടാളക്കാർ കാറന്റിനിൽ നിന്നും വാങ്ങുന്ന മദ്യം ആയിരം രൂപയ്ക്ക് താഴെയായിരുന്നു വിൽപ്പന നടത്തിവന്നത്. ഇതും 2000 മുതൽ 3000 രൂപവരെ വിലഈടാക്കിയാണ് ഇടനിലക്കാർ കച്ചവടം നടത്തുന്നത്. ദിവസങ്ങൾ കൊണ്ട് അതും വിറ്റു തീർന്നതോടെ ഇപ്പോൾ വാറ്റുചാരായത്ത ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് മാറി.
ആവശ്യക്കാർക്ക് എത്തിച്ചു നൽകും
ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന തരത്തിലാണ് കച്ചടവം പൊടിപൊടിക്കുന്നത്. ഇവരെ കുടുക്കാൻ പൊലീസും എക്സൈസും വലവിരിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ കച്ചവടം ഇടനിലക്കാർ കൈയടക്കിയിരിക്കുകയാണ്. വാറ്റു കേന്ദ്രങ്ങളിൽ നിന്നും ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് രൂപ വിലയ്ക്ക് വാങ്ങുന്ന ഒരു ലിറ്റർ ചാരായം ഇടനിലക്കാർ വിറ്റഴിക്കുന്നത്. 2000 മുതൽ 2500 രൂപവരെയാണ്. 10 കിലോ ശർക്കര ഉപയോഗിച്ച് വാറ്റുചാരായം നിർമ്മിക്കുന്നതിന് വരുന്ന ചെലവ് 1300 രൂപയിൽ താഴെ. ഇതിൽ നിന്നും കുറഞ്ഞത് 7 ലിറ്റർ ചാരായം ലഭിക്കും. 185 രൂപയാണ് ശരാശരി ഉൽപ്പാദന ചലവ് . ഈസാധനമാണ് 2000 മുതൽ 2500 രൂപ വിലയ്ക്ക് വിറ്റഴിയുന്നത്.
ഇടനിൽക്കാർ വഴിവിൽപ്പന
ഇടനിലക്കാരാണ് ഉൽപ്പാദകരിൽ നിന്നും വാങ്ങി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്നത്. എക്സൈസും കഴിഞ്ഞ ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ് വാറ്റുത്താരായ ലോബിയെ കുടുക്കാൻ രംഗത്തിണ്ടെങ്കിലും ഒറ്റപ്പെട്ട ഏതാനും ചിലചെറിയ കേസുകളാണ് പിടിക്കപ്പെട്ടത്. അരിഷ്ടകച്ചവടവും പൊടിപൊടിക്കുന്നുണ്ട്. അരിഷ്ടകടകളിൽ നിന്നും കുപ്പിക്കണക്കിന് അരിഷ്ടമാണ് പ്രതിദിനം വിറ്റുപോകുന്നത്. വ്യാജ അരിഷ്ടവും ഇതിന്റെ മറവിൽ ഇറങ്ങുന്നുണ്ടെന്ന പരാതിയും ഉയർന്നുതുടങ്ങി.
-വില 2000 മുതൽ, 3000 വരെ