അടൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ഏഴ് പഞ്ചായത്തുകളിലേയും വാർഡുകളിലേക്കായി 630 പൾസ് ഓക്സീ മീറ്റർ വാങ്ങി വിതരണം നടത്താൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ആർ.തുളസീധരൻപിള്ള അറിയിച്ചു. പഞ്ചായത്തുകളിലെ ഓരോ വാർഡിലും നാല് പൾസ് ഓക്സീ മീറ്റർ വീതമാണ് വിതരണം നടത്തുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലോക്കിന്റെ പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾക്കും ഒരോ ആംബുലൻസുകൾ വീതം മാസവാടകയ്ക്ക് എടുത്തു നൽകാനും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇതിന് ക്വട്ടേഷൻ ഉടൻ ക്ഷണിക്കും.ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കും കാര്യക്ഷമമാക്കി.. ബ്ളോക്ക് പഞ്ചായത്ത് മെമ്പർന്മാർ തങ്ങളുടെ ഡിവിഷൻ പരിധിയിലെ കോവിഡ് ജാഗ്രതാ സമിതികളിൽ സജീവമായി പങ്കെടുത്തു വരുന്നു. ഇവർ സാമൂഹ്യ അടുക്കള, ജനകീയ ഹോട്ടലുകൾ എന്നിവലൂടെ ഭക്ഷണം ആവശ്യമുള്ളവർക്ക് ലഭ്യമാക്കാൻ വേണ്ട നിർദ്ദേശം നൽകി. വാർഡുതല സമിതികൾ പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുകഴിഞ്ഞു. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഡൊമിസിലിയറി കെയർ സെന്റർ സജ്ജീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകിവരുന്നതായും പ്രസിഡന്റ് ആർ.തുളസീധരൻപിള്ള പറഞ്ഞു.ആവശ്യമെങ്കിൽ കൂടുതൽ പി.പി കിറ്റ്, മാസ്ക്ക് എന്നിവ വാങ്ങുന്നതിനും തീരുമാനിച്ചു.