തിരുവല്ല: ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറിന് ക്ഷാമം. ആശുപത്രിയുടെ കരുതൽ ശേഖരത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ഓക്‌സിജൻ സിലിണ്ടറുകളും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതാണ് ക്ഷാമത്തിന് കാരണമായത്. തിരുവല്ല താലൂക്കിലെയും സമീപ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലെയും രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിലാണ് ഓക്‌സിജന്റെ കരുതൽ ശേഖരം ശൂന്യമായത്. അടിയന്തര സാഹചര്യമുണ്ടായാൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് രോഗികൾ ഉൾപ്പെടെയുള്ളവർ. അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന 18 വലിയ സിലിണ്ടറുകളും രോഗികളുടെ ബെഡുകളിലേക്ക് ഉപയോഗിക്കുന്ന 20 ചെറിയ സിലിണ്ടറുകളുമാണ് താലൂക്ക് ആശുപത്രിയുടെ കരുതൽ ശേഖരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 14 വലിയ സിലിണ്ടറുകളും കഴിഞ്ഞ ദിവസങ്ങളിലായി പത്തനംതിട്ട, അടൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള നാല് സിലിണ്ടറുകൾ മാത്രമാണ് ഇവിടെയുള്ളത്. ഇതെല്ലം നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലും ഓപ്പറേഷൻ തീയറ്ററിലും സ്ത്രീകളുടെ വാർഡുകളിലുമായാണ് ഈ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. ഈ സിലിണ്ടറുകൾ കൂടി തീർന്നാൽ ഓക്‌സിജൻ പ്രതിസന്ധി രൂക്ഷമാകും.

പ്രതീകരിക്കാൻതയാറാകാതെഅധികൃതർ

അടുത്തിടെ ഡോക്ടർമാർ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ആശുപത്രിയിൽ കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ പലരും രോഗമുക്തമായി തിരിച്ചെത്തിയിട്ടില്ല. ഇതിനിടെയാണ് ഓക്‌സിജൻ ക്ഷാമവും ഉടലെടുത്തത്. 37 കിടക്കകളാണ് താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളത്. അതേസമയം ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് പ്രതികരിക്കാൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് തയാറായില്ല.

കാലി സിലിണ്ടറുകൾ വരാന്തയിൽ

കിടപ്പുരോഗികൾക്ക് ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറുകളെല്ലാം കാലിയാണ്. ഇതെല്ലാം ആശുപത്രിയുടെ വരാന്തയിൽ കൂടിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഓക്‌സിജൻ നിറച്ച സിലിണ്ടറുകൾ എപ്പോൾ കൊണ്ടുവരുമെന്ന കാര്യത്തിലും ആശുപത്രി അധികൃതർക്ക് വ്യക്തതയില്ല. ഒരു സ്വകാര്യ സ്ഥാപനം മുഖേനയാണ് ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇവർ കൃത്യമായി ഓക്‌സിജൻ എത്തിക്കുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഓക്‌സിജൻ പ്രതിസന്ധി പലയിടത്തും രൂക്ഷമായ സാഹചര്യത്തിൽ കരുതലായി ശേഖരിച്ചു വയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

-14 വലിയ സിലിണ്ടറുകൾമാറ്റി

-ബാക്കിയുള്ളത് 4 സിലിണ്ടറുകൾ

-അത്യാഹിത വിഭാഗത്തിലും ഓപ്പറേഷൻ തീയറ്ററിലും സ്ത്രീകളുടെ വാർഡുകളിലുമായി സിലിണ്ടർ ഉപയോഗിക്കുന്നു