1
ആനയടി - കൂടൽ റോഡ് സൈഡിൽ പള്ളിക്കൽ പഞ്ചായത്തോഫീസിനു സമീപം ടൈൽ പതിച്ചപ്പോൾ

പള്ളിക്കൽ : റോഡരുകിൽ ടൈലും വിരിച്ചു തുടങ്ങി. ഇനി പൈപ്പിടാൻ വെട്ടിപൊളിക്കണോ ? ആരോട് ചോദിക്കാൻ ...? ആനയടി - കൂടൽ റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചപ്പോൾ പൈപ്പ് പൊട്ടിയതാണ് മൂന്ന് വർഷമായി പള്ളിക്കൽ പ്രദേശത്ത് കുടിവെള്ളം മുട്ടാൻ കാരണം. റോഡ് പണി തീരുമ്പോൾ രണ്ട് സൈഡിലും പൈപ്പിടുമെന്നും അപ്പോൾ റോഡ് വെട്ടി മുറിക്കാതെ തന്നെ ഇരുഭാഗങ്ങളിലുമുള്ളവർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. വെള്ള ചിറ മുതൽ പള്ളിക്കൽ പഞ്ചായത്തോഫീസ് വരെയുള്ള ഭാഗത്ത് ജൻമൻ ടെക്നോളജിയിലാണ് ടാർ ചെയ്തത്. 10 മീറ്റർ വീതിയിൽ ഇവിടെ ടാർ ചെയ്തെങ്കിലും റോഡ് പുറമ്പോക്ക് ഉള്ളത് അളന്ന് കല്ലിട്ടതല്ലാതെ ഒഴിപ്പിച്ചെടുത്തിട്ടില്ല. നിലവിൽ ടാർ വീതി കഴിഞ്ഞാൽ ഇരുഭാഗത്തേക്കും പല ഭാഗങ്ങളിലും അര മീറ്റർ മുതൽ 1 മീറ്റർ വരെ കഷ്ടിച്ചുള്ള വീതിയെ ഉള്ളു . ഈ സ്ഥലത്താണ് ഇപ്പോൾ ടൈൽ പതിച്ചു തുടങ്ങിയത്. ഇനി പൈപ്പ് സ്ഥാപിക്കണമെങ്കിൽ ഈ ടൈൽ വെട്ടിപൊളിക്കാതെ മറ്റു മാർഗമില്ല എന്നതാണ് സ്ഥിതി. ഇവിടെ ടൈൽ പതിച്ചാൽ എവിടെ പൈപ്പ് എവിടെ സ്ഥാപിക്കും എന്ന് ചോദിച്ചപ്പോൾ ടൈലിട്ടത് അറിഞ്ഞില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകുന്ന ഉത്തരം. പഴകുളം മുതൽ റോഡരുകിൽ പൈപ്പ് ഇറക്കി തുടങ്ങിയിട്ടുമുണ്ട്.