റാന്നി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്ത് തല ഡേറ്റാ ബാങ്ക് രൂപീകരിക്കാൻ നിയുക്ത എം.എൽ.എ പ്രമോദ് നാരായണൻ വിളിച്ചുചേർത്ത സർവ്കക്ഷി യോഗത്തിൽ തീരുമാനമായി .ഇതിന്റെ ഭാഗമായി പെൻഷനായവരടേയും വിദേശത്തുനിന്ന് വന്നവരും പഠനം പൂർത്തിയായി നാട്ടിൽ നിൽക്കുന്നവരുമായ ഡോക്ടർമാർ നഴ്‌സുമാർ മറ്റ് ആരോഗ്യ മേഖലയിലെ പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ള മറ്റുള്ളവർ എന്നിവരുടെ ഡേറ്റാ ബാങ്കാണ് ഓരോ പഞ്ചായത്തിലും രൂപീകരിക്കേണ്ടത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവരുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കൊവിഡ് രോഗം ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരത്തിന് പി.പി കിറ്റുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മൃതദേഹത്തിലൂടെ രോഗം വ്യാപിക്കുന്നില്ല. മൃതദേഹം സംസ്‌കരിക്കുന്നതിന് മാസ്‌ക്കും കൈയുറയും മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇതുവഴിപി.പി.ഇ കിറ്റ് അനാവശ്യ ഉപയോഗം ഒഴിവാക്കാനാകും. പഞ്ചായത്തുകൾ പാർട്ടി നോക്കാതെ സന്നദ്ധപ്രവർത്തകരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. എം.എൽ.എയെ കൂടാതെ ഡെപ്യൂട്ടി കളക്ടർ ബീന റാണി, തഹസിൽദാർ രമ്യ എസ് നമ്പൂതിരി, ഡോ.ഉമ്മൻ, ഡോ.വൈശാഖ്, എസ്.ഐ മധു, എം.വി വിദ്യാധരൻ , പി.ആർ പ്രസാദ്, ജോർജ്ജ് ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ , രാജു മരുതിക്കൽ , ഷൈൻ ജി.കുറുപ്പ്, സമദ് മേപ്രത്ത്, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, പാപ്പച്ചൻ കൊച്ചു മേപ്രത്ത്, ഏബ്രഹാം കുളമട, സജി ഇടുക്കിള ,ഫിലിപ്പ് കുരുടാ മണ്ണിൽ, സ്മിജു ജേക്കബ് , റെജി ചെറുവാഴക്കന്നേൽ, ടി.കെ ജെയിംസ്, ഏബ്രഹാം സി.ഫിലിപ്പ് എന്നിവർ സംസാരിച്ചു.