പത്തനംതിട്ട : കുടുംബശ്രീകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലുകൾ കൊവിഡ് പ്രതിരോധത്തിനായി ആഹാരം വിളമ്പുകയാണ്. ചികിത്സയിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും ആഹാരം നൽകുന്നത് ജനകീയ ഹോട്ടലുകളിൽ നിന്നാണ്. ഇരുപത്തഞ്ച് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുമെന്നതാണ് ജനകീയ ഹോട്ടലിന്റെ പ്രത്യേകത. ചിലയിടങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരി വാങ്ങി നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം കുടുംബശ്രീകളും സ്വന്തം ചെലവിലാണ് അരിയും സാധനങ്ങളും വാങ്ങുന്നത്. നിലവിൽ നാൽപ്പത്തിയേഴ് പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. പച്ചക്കറികൾ, എണ്ണ, അരി, മറ്റ് പലവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് വില വർദ്ധിച്ച സാഹചര്യത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് നടത്തിപ്പുകാർ നേരിടേണ്ടി വരുന്നത്. സർക്കാർ നൽകുന്ന സബ്സിഡിയിലാണ് ഇവ നിലനിന്നുപോകുന്നത്. ആറും ഏഴും പേർ ചേർന്നാണ് ഹോട്ടലുകൾ നടത്തുന്നത്. വരുമാനം പങ്കിട്ടെടുക്കുമ്പോൾ തുശ്ചമായ ലാഭമേ ഇവർക്ക് ലഭിക്കുന്നുള്ളു.
'' നിലവിൽ മോരും സാമ്പാറും തോരനും അച്ചാറുമാണ് ഉച്ചയൂണിന് ഉൾപ്പെടുത്തിയിരിക്കുന്നത്. റേഷനരി ചോറ് ആരും കഴിക്കില്ല. വെള്ളയരിയാണ് പലരും ചോദിക്കുന്നത്. വരുമാനം കൂട്ടാൻ മീനും ഇറച്ചിയും ചിലയിടത്ത് നൽകും. അത് സാധാരണ ഹോട്ടലിലെ നിരക്കിലാണ് നൽകുക. വൈകിട്ട് ചായയും പലഹാരവും നൽകുന്നതാണ് മറ്റൊരു വരുമാനം. അല്ലാതെ 25 രൂപയ്ക്ക് മുമ്പോട്ട് പോകാനാവില്ല.
ജീവനക്കാരി, ജനകീയ ഹോട്ടൽ
47 ജനകീയ ഹോട്ടലുകൾ
പത്തനംതിട്ട : ജില്ലയിൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ജനകീയ ഹോട്ടലുകളും കമ്മ്യൂണിറ്റി കിച്ചൺ സംവിധാനവും വഴി 5966 പേർക്ക് ഇതുവരെ ഭക്ഷണം നൽകി. ഇതിൽ 2471 പേർക്ക് കമ്യൂണിറ്റി കിച്ചൺ വഴിയും 2362 പേർക്ക് ജനകീയ ഹോട്ടലുകൾ മുഖേന 25 രൂപ നിരക്കിലും, 1133 പേർക്ക് സൗജന്യമായുമാണ് ഭക്ഷണം എത്തിച്ചു നൽകിയത്. ജില്ലയിൽ നിലവിൽ കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 47 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇതുകൂടാതെ ജനകീയ ഹോട്ടലുകൾ കാര്യക്ഷമമല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകിവരുന്നു.
ബ്ലോക്ക് കോഓർഡിനേറ്റർമാരാണ് അതത് ബ്ലോക്കുകളിൽ ജനകീയ ഹോട്ടലുകളുടെ മോനിറ്ററിംഗ് നടത്തിവരുന്നത്. എല്ലാ ജനകീയ ഹോട്ടലുകളിലും പാർസലായി ഊണിന് 25 രൂപയാണ് ഈടാക്കുക.