cat

കോഴഞ്ചേരി: കൊവിഡ് ബാധിത പ്രദേശങ്ങളിലെ വീടുകളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ഒറ്റപ്പെട്ടു പോകുന്ന വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് രംഗത്തിറങ്ങണമെന്ന് ആവശ്യം.

വീടുകളിലെ അംഗങ്ങൾക്ക് കൊവിഡ് ബാധിക്കുകയും ഇവരെ ആശുപത്രികളിലേക്കും എഫ്.എൽ.ടി.സികളിലേക്കും മാറ്റുന്നതോടെ ഭക്ഷണവും മറ്റും ലഭിക്കാതെ കൂടുതൽ ദുരിതം നേരിടാൻ വിധിക്കപ്പെട്ടത് വളർത്തുമൃഗങ്ങളാണ്.

കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും കന്നുകാലികളും വളർത്തു പക്ഷികളും മറ്റും ഇത്തരത്തിൽ ദുരിതം നേരിടുകയാണ്. ഡി.വൈ.എഫ്.ഐ, സേവാഭാരതി എന്നീ രാഷ്ട്രീയ സംഘടനകളും സുമനസ്സുകളായ യുവാക്കളും ഒറ്റപ്പെട്ടു പോയ മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും സ്ഥിരമായി ഇത് ലഭിക്കാത്ത അനവധി സ്ഥലങ്ങൾ ജില്ലയിൽ തന്നെയുണ്ട്.

വീടുകളിലെ വളർത്തു നായ്ക്കളും പൂച്ചകളുമാണ് ഇത്തരത്തിൽ വലയുന്നത്. കൊവിഡ് ബാധിതരുടെ വീടുകളിൽ കയറാൻ പലരും തയ്യാറാകാത്തതാണ് വളർത്തുമൃഗങ്ങളുടെ കാര്യം കഷ്ടത്തിലാകുന്നത്. പശുക്കളെയും ആടുകളെയും വളർത്തുന്ന വീടുകളിലെ അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ ഇവ ഒറ്റപ്പെട്ടു പോയ സംഭവങ്ങളും അനവധിയാണ്.

ക്ഷീര കർഷകരുടെ വീടുകളിൽ ഇത്തരം സാഹചര്യം ഉണ്ടായാൽ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന ആവശ്യം ക്ഷീര കർഷകരിൽ നിന്ന് ഉയരുന്നുണ്ട്.