മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയുക്ത എം.എൽ.എ. അഡ്വ. മാത്യു ടി തോമസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വാർഡുതല ജാഗ്രതാസമിതികൾ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടന്നു. കൊവിഡ് ബാധിച്ച് രോഗികൾക്ക് ആവശ്യമായ മരുന്ന്, ഭക്ഷ്യവസ്തുക്കൾ എന്നിവ മെമ്പർമാരുടെയും, വോളണ്ടിയർമാരുടെയും സഹായത്തോടെ നൽകിവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നേതൃത്വം നൽകുന്ന ആറംഗ ഹെൽപ്പ് ഡെസ്‌ക് നിലവിലുണ്ട്. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ടെസ്റ്റ് നടത്തുന്നതിനും 3 ആംബുലൻസുകളും അഞ്ച് കാറുകൾ, 6 ഓട്ടോകൾ എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മരുന്ന് വിതരണത്തിനും, ഭക്ഷണപ്പൊതി നൽകുന്നതിനും 42 അംഗ കൊവിഡ് ബിഗ്രേഡുകളെ നിയമിച്ചിട്ടുണ്ട്. വാർഡുതലത്തിൽ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് റാപ്പിഡ് റെസ്‌പോൺസ് ടീമിനും രൂപം നൽകി. വാക്‌സിനേഷൻ കേന്ദ്രത്തിൽ തിരക്ക് ഒഴിവാക്കാൻ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ എണ്ണം തിട്ടപ്പെടുത്തി വാക്‌സിനേഷൻ നൽകിവരുന്നു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ജനകീയ ഹോട്ടൽ സജ്ജമാക്കിയിട്ടുണ്ട്. തുരുത്തിക്കാട് ബി.എ.എം. കോളേജിൽ ഡൊമിസിലറി കെയർ സെന്റർ ആരംഭിക്കുവാൻ ജില്ലാ കളക്ടർക്ക് പ്രൊപ്പോസൽ സമർപ്പിച്ചു. പകർച്ചവ്യാധികളുടെ രൂക്ഷത ജനങ്ങളെ അറിയിക്കുന്നതിന് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും അനൗൺസ്‌മെന്റ് നടത്തി. മെഡിക്കൽ ഓഫീസരുടെ നിർദേശപ്രകാരം 30 പൾസ് ഓക്‌സിമീറ്റർ വാങ്ങി നൽകിയിട്ടുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, വൈസ് പ്രസിഡന്റ് റെജി ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജ്യോതി പി, ബെൻസി അലക്‌സ്, സത്യൻ തഹസിൽദാർ എം.റ്റി. ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോർജ്, വില്ലേജ് ഓഫീസർ ദിവ്യ കോശി എന്നിവർ പങ്കെടുത്തു.