മല്ലപ്പള്ളി: കൊവിഡ് പ്രതിരോധ രംഗത്ത് സഭാജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് മലങ്കര സുറിയാനി സഭ അധിപൻ ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഭയുടെ അധികാരത്തിൽപ്പെട്ട സകല പള്ളികളുടെയും വികാരിമാർ, മറ്റ് പട്ടക്കാർ, ഇടവക ചുമതലയുള്ളവർ, വിശ്വാസികൾ എന്നിവരെ ഉദ്‌ബോധിപ്പിക്കുന്നതിനാണ് 17 നമ്പർ സർക്കുലർ കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. എല്ലാ ഇടവകകളും അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ആക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കണം, യുവജന സഖ്യാംഗങ്ങളുടെ നേതൃത്വത്തിൽ കൊവിഡ് രോഗികളെ സഹായിക്കുന്നതിന് സന്നദ്ധസംഘം രൂപീകരിക്കണം, അതാത് ഇടവക അതിർത്തിയിലുള്ള കെവിഡ് രോഗികളെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും പട്ടിക തയാറാക്കി ഇടവക വികാരിമാരെ ഏൽപ്പിച്ച് ആവശ്യമായ വൈദ്യസഹായം, ഭക്ഷണം എന്നിവ എത്തിക്കണം. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌ക്കാരത്തിനും ഏകാന്തതയിലും വാർദ്ധക്യത്തിലും കഴിയുന്ന രോഗികളുടെ പരിചരണത്തിനും സന്നദ്ധസേന സജ്ജമാകണം. അടിയന്തര ഘട്ടങ്ങളിൽ സഭയുടെ കീഴിലുള്ള ആശുപത്രികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും അംബുലൻസ് സൗകര്യമൊരുക്കണം. മെഡിക്കൽ കിറ്റുകൾ സാമ്പത്തിക പരിഗണന കൂടാതെ അതാത് ഭദ്രാസനങ്ങളുടെ മേൽനോട്ടത്തിലും ആവശ്യമുള്ള സ്ഥലങ്ങളിൽ സൗജന്യമായി വിതരണം ചെയ്യണം. വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ഹെൽപ് ലൈൻ രൂപികരിക്കണം. മേൽനോട്ടത്തിനായി വിദഗ്ദ്ധ സമിതി പ്രവർത്തനങ്ങൾ ഏകോപ്പിക്കണമെന്നുമാണ് സർക്കുലർ നി‌ദ്ദേശങ്ങൾ. സഭയുടെ കേന്ദ്ര ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് കുന്നിലെ പുലാത്തീനിൽ നിന്നുമാണ് സ‌‌‌ർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.