മല്ലപ്പള്ളി : വാക്‌സിനേഷന് റേഷൻ വ്യാപാരികൾക്ക് മുൻഗണന നൽകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്. മുരളീധരൻ നായർ ആവശ്യപ്പെട്ടു. കൊവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ റേഷൻ വ്യാപാരികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റേഷൻ ഡിപ്പോകളിൽ സാനിറ്റൈസർ, മാസ്‌ക്, കൈയുറ എന്നിവ അനുവദിച്ചിട്ടില്ല. കിറ്റ് വിതരണം നീട്ടിയതിനാലും സൗജന്യ റേഷൻ വിതരണം ഈ മാസം ഉള്ളത് കൊണ്ടും കടകളിൽ തിരക്ക് ഉണ്ടാകാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. റേഷൻ ഡിപ്പോകളിൽ സൗജന്യ വിതരണത്തിനുള്ള ഭക്ഷധാന്യം എത്തിയിട്ട് ദിവസങ്ങൾ ആയെങ്കിലും വിതരണം നടക്കാത്ത സ്ഥിതിയാണുള്ളത്. റേഷൻ ഗുണഭോക്താക്കൾക്ക് ഒരു പ്രാവശ്യം എത്തുമ്പോൾ തന്നെ മണ്ണെണ്ണ, സൗജന്യ റേഷൻ, കിറ്റ്, അതാത് മാസത്തെ റേഷൻ വിഹിതം മുതലായവ ഒന്നിച്ചു വിതരണം ചെയ്ത് തിരക്ക് ഒഴിവാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.