ചെങ്ങന്നൂർ : കെ.എസ്.ടി.പി രണ്ടാം ഘട്ട റോഡ് നിർമ്മാണം നടക്കുമ്പോഴും ഓടകളോ നടപ്പാതകളോ പണി കഴിപ്പിക്കാതെ കാരയ്ക്കാട് പാറയ്ക്കൽ ജംഗ്ഷനോട് അധികൃതരുടെ അവഗണന. ഒന്നാംഘട്ടം റോഡ് പണി പൂർത്തിയായപ്പോൾ ഓടകൾ നിർമ്മിച്ചിരുന്നെങ്കിലും പാറയ്ക്കൽ ജംഗ്ഷനിലെ കോട്ട റോഡ് മുറിച്ചു കടന്ന് ഓട നിർമ്മിക്കാത്തത് മൂലം പകുതിയായ ഓടകളിലൂടെ ഒഴുകി വരുന്ന ജലം റോഡിലൂടെ കവിഞ്ഞ് ഒഴുകുകയാണ്. പരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികൾ പരാതിപെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്ന നടപ്പാത നിർമ്മാണത്തിലും ഇത് തന്നെയാണ് സ്ഥിതി. എം.സി റോഡിൽ കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ ഏറെ തിരക്കേറിയ ഭാഗമാണ് പാറയ്ക്കൽ ജംഗ്ഷൻ എങ്കിലും ഇവിടെ നടപ്പാത നിർമ്മാണം ഇതുവരെയും തുടങ്ങിയിട്ടില്ല.