ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമ്പോഴും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിൽ. രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോളും അധികൃതർ നിസംഗത തുടരുകയാണ്. നിയോജക മണ്ഡലത്തിലെ സമീപ പഞ്ചായത്തുകൾ മാതൃകാപരമായി പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറുമ്പോൾ നരസഭാ നേതൃത്വം ഇതൊന്നും അറിഞ്ഞമട്ടില്ല.
നഗരസഭയുടേതായി ഓക്‌സിജൻ സിലിണ്ടറുള്ള ആംബുലൻസ് സംവിധാനം പോലും ഇല്ലാത്ത അവസ്ഥയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഓക്‌സിജൻ സൗകര്യം പോലും ഇല്ലാത്ത പഴകിയ ആംബുലൻസ് നഗരസഭ എടുത്തു. എന്നാൽ ആംബുലൻസിനായി നഗരസഭയിലേക്ക് വിളിച്ചാൽ ഓട്ടത്തിലാണെന്ന ഉത്തരമാണ് ലഭിക്കുന്നത്. നിയുക്ത എം.എൽ.എ സജി ചെറിയാൻ അനുവദിച്ച കരുണയുടെ രണ്ട് ആംബുലൻസുകളും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ രണ്ട് ഓട്ടോറിക്ഷകളുമാണ് ഇപ്പോൾ നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗികൾക്ക് ആശ്രയം.
കൊവിഡ് രൂക്ഷമാകുമ്പോളും 27 വാർഡുകളിൽ ഭൂരിപക്ഷം സ്ഥലത്തും ഇനിയും ജാഗ്രതാ സമിതികൾ പോലും രൂപീകരിച്ചിട്ടില്ല. രൂപീകരിച്ച സ്ഥലങ്ങളിൽ പ്രവർത്തനം നടക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ 27 വാർഡിലും ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു.
എം.എൽ.എ യുടെ ചുമലിൽ ചാരരുത് : എൽ.ഡി.എഫ്
ചെങ്ങന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ചെങ്ങന്നൂർ നഗരസഭ കാട്ടുന്ന അനാസ്ഥയുടെ ഭാരം നിയുക്ത എം.എൽ.എ സജി ചെറിയാന്റെ ചുമലിൽ ചാരുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി യോഗം അറിയിച്ചു. കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ നാൾ മുതൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. എന്നാൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണം ഈ വിഷയത്തിൽ തികഞ്ഞ പരാജയമാണെന്നും യോഗം ആരോപിച്ചു. നഗരസഭാ പ്രദേശത്ത് എം.എൽ.എയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നഗരസഭാ ഭരണ നേതൃത്വം തയാറാകണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വി.എസ് സവിത ആവശ്യപ്പെട്ടു.
-കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
- 27 വാർഡുകളിൽ ഭൂരിപക്ഷം സ്ഥലത്തും ജാഗ്രതാ സമിതികളില്ല
-ആംബുലൻസ് സംവിധാനം താറുമാറ്