cc

പത്തനംതിട്ട : തോരാതെ പെയ്യുന്ന മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ് ജില്ല. റാന്നി, കോന്നി, ആറന്മുള, തിരുവല്ല പ്രദേശങ്ങളിൽ വെള്ളം പൊങ്ങുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ കോന്നിയിൽ 144.2 മില്ലിമീറ്ററും അയിരൂരിൽ 104. 2 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. ജില്ലയിലെ കിഴക്കൻ മേഖലയിൽ മഴ ശക്തമാണ്. ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശത്തും മഴ കനത്തു. ഇതോടെ
സംഭരണികളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു. പമ്പ, കക്കി സംഭരണികളിൽ 40 ശതമാനം വെള്ളമാണുള്ളത്. പമ്പ സംഭരണിയിൽ ഇന്നലെ 963.65 മീറ്ററാണ് ജലനിരപ്പ്. 986.33 മീറ്ററാണ് സംഭരണശേഷി. കക്കിയിൽ 961.01 മീറ്ററാണ് ഇന്നലെ ജലനിരപ്പ്. 981.45 മീറ്ററാണ് സംഭരണ ശേഷി. പമ്പയിൽ ഇന്നലെ 43 മില്ലിമീറ്ററും കക്കിയിൽ 83 മില്ലിമീറ്ററും മഴ ലഭിച്ചു.

ജില്ലയിലെ പലയിടത്തായി കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പല ഭാഗത്തും വൈദ്യുതി തടസവും നേരിട്ടിരുന്നു. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെ വെള്ളപ്പൊക്ക സാദ്ധ്യതാ പ്രദേശങ്ങളിൽ പരിശോധന നടത്തി.

പമ്പയാറ്റിലെ ജലനിരപ്പിൽ ചെറിയതോതിൽ വർദ്ധനവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ രാത്രി നിറുത്താതെ പെയ്തിരുന്നു. പുലർച്ചെ ഒന്നുശമിച്ചെങ്കിലും ഇന്നലെ രാവിലെ കാറ്റോടുകൂടി വീണ്ടും ശക്തിപ്രാപിച്ചു. ശബരിമല വനങ്ങളിൽ മഴ കുറയാതെ നിന്നാൽ ഉരുൾപൊട്ടൽ സാദ്ധ്യതയും ഉണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മുൻകരുതൽ എന്ന നിലയ്ക്ക് തുറന്നുവിടാൻ സാദ്ധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ പെരുന്തേനരുവി ജലവൈദ്യുത പദ്ധതി പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. റാന്നിയിലെ എയ്ഞ്ചൽവാലി , കണമല, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം കോസ്‌വേകൾ ജലനിരപ്പ് കൂടിയാൽ ആദ്യം വെള്ളത്തിനടിയിലാകും. പുനലൂർ മൂവാറ്റുപുഴ റോഡ് പണി നടക്കുന്നയിടങ്ങളിൽ മിക്കയിടത്തും ഓടകളും കലുങ്കുകളും പുതിയത് സ്ഥാപിച്ചു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയരുകയാണെങ്കിൽ റാന്നി ടൗണിൽ മുമ്പത്തേക്കാൾ വേഗത്തിൽ വെള്ളം കയറും.

527.28 ലക്ഷം രൂപയുടെ കൃഷിനാശം

പത്തനംതിട്ട : മേയ് ഒന്നു മുതൽ 13 വരെ ഉണ്ടായ മഴയിലും കാറ്റിലും ജില്ലയിൽ 527.28 ലക്ഷം രൂപയുടെ കൃഷിനാശം . 248.8 ഹെക്ടർ പ്രദേശത്തെ 1,532 കർഷകർക്കാണ് തങ്ങളുടെ കൃഷി വിളകൾ മഴക്കെടുതിയിൽ നശിച്ചത്.

16.11 ഹെക്ടർ സ്ഥലത്തെ 534 കർഷകരുടെ 21,500 കുലച്ച വാഴകളും 10.89 ഹെക്ടർ സ്ഥലത്തെ 337 കർഷകരുടെ 10,913 കുലയ്ക്കാത്ത വാഴകളും നശിച്ചു. കുലച്ച വാഴ ഇനത്തിൽ 129 ലക്ഷം രൂപയുടെയും കുലയ്ക്കാത്ത വാഴ ഇനത്തിൽ 43.65 ലക്ഷം രൂപയുടെയും കൃഷിനാശമുണ്ടായി.
നെല്ല്, പച്ചക്കറി, റബർ, തെങ്ങ്, വാഴ മരച്ചീനി, വെറ്റിലക്കൊടി, കാപ്പി, ജാതി തുടങ്ങിയ വിളകൾക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്.

23 വീടുകൾ തകർന്നു

ജില്ലയിൽ 23 വീടുകൾ പൂർണമായും 121 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ മാർച്ച് മാസത്തിലുണ്ടായ വേനൽ മഴയിൽ അഞ്ച് വീടുകളും ഏപ്രിലിൽ 11 വീടുകളും ഈ മാസം 12 വരെ ഏഴ് വീടുകളും പൂർണമായും തകർന്നു.