കോഴഞ്ചേരി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ഹരിത കർമ്മ സേനയുടെ പ്രവർത്തനം തുടരാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

ഹരിത കർമ്മ സേനയുടെ വാതിൽപ്പടി മാലിന്യ ശേഖരണം മുടങ്ങുന്നതു കാരണം മാലിന്യം കുമിഞ്ഞു കൂടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉറപ്പാക്കി മാലിന്യ നീക്കത്തിന് രംഗത്തിറങ്ങാൻ നിർദ്ദേശിച്ചിരിക്കുന്നത്.

മാസ്ക്, ഫെയ്സ് ഷീൽഡ്, യൂണിഫോം നിർബന്ധം

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം അംഗങ്ങൾ പുറത്തിറങ്ങേണ്ടത്. എൻ 95 മാസ്കുകൾ, ഫെയ്സ് ഷീൽഡ്, കയ്യുറ, സാനിറ്റെസർ എന്നിവ പഞ്ചായത്ത്, നഗരസഭ അധികൃതർ സേനാംഗങ്ങൾക്ക് നൽകണം. 3 ജോടി യൂണിഫോമും ഇതിൽ ഉൾപ്പെടും.

മറ്റു നിർദ്ദേശങ്ങൾ

ഒരു ദിവസം ഉപയോഗിച്ച യൂണിഫോം അടുത്ത ദിവസം ധരിക്കാൻ പാടില്ല. കഴുകി വ്യത്തിയാക്കിയിട്ടു വേണം അടുത്ത ദിവസം ഉപയോഗിക്കേണ്ടത്. ജോലി ചെയ്യേണ്ടത് അകലം പാലിച്ചു വേണം. പുറത്ത് നിന്ന് ഭക്ഷണം കൊണ്ടു വരരുത്. ശുദ്ധീകരിച്ച കുടിവെള്ളം അവരവരുടെ വീടുകളിൽ നിന്നു കൊണ്ടുവരണം.

ക്വാറന്റൈയിൻ വീടുകളെ ഒഴിവാക്കണം

ആളുകൾ ക്വാറന്റൈനിലോ നിരീക്ഷണത്തിലോ കഴിയുന്ന വീടുകളിൽ നിന്ന് തൽക്കാലം മാലിന്യം ശേഖരിക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്. പ്രായമുള്ള ഹരിതകർമ്മ സേനാംഗങ്ങളെ ജോലിയിൽ നിന്ന് തൽക്കാലം മാറ്റി നിറുത്തും. തദ്ദേശ സ്ഥാപന മേധാവികൾ കൊവിഡ് സുരക്ഷാ ബോധവൽക്കരണം നൽകണം. ഹരിത കേരള മിഷനും ശുചിത്വ മിഷനും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

" ഇപ്പോഴത്തെ സാഹചര്യത്തിൽ പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യം വീടുകളിൽ തന്നെ നിർമ്മാർജനം ചെയ്യണം. 60 വയസ്സിന് മുകളിലുള്ള ഹരിത കർമ്മ സേനാ പ്രവർത്തകർ മാലിന്യനീക്കത്തിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കണം. സേനാ പ്രവർത്തകർ നിർബന്ധമായും രണ്ട് ഡോസ് വാക്സീനും സ്വീകരിക്കണം.

(എൻ. ജഗജീവൻ, കൺസൾട്ടന്റ്,

മാലിന്യ സംസ്കരണ വിഭാഗം, ഹരിത കേരളമിഷൻ, തിരുവനന്തപുരം)