15-vettuveli-padam
കുളനട മാന്തുക വെട്ടുവേലിൽ പാടം

പന്തളം: കുളനട മാന്തുക വെട്ടുവേലിൽ പാടത്തു നൂറുമേനി വിളയിച്ച കർഷകരെ മഴ ചതിച്ചു. വിളഞ്ഞ നെല്ലു കൊയ്യാൻ കഴിയാതായതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടവും കണ്ണീരും. 20 ഏക്കറോളം നെൽകൃഷിയാണ് ഇവിടെ ഏഴു കൃഷിക്കാർചേർന്നു നടത്തിയത്. മോശമല്ലാത്ത വിളവുമുണ്ടായി. നെല്ല് കൊയ്‌തെടുക്കാൻ കൃഷിക്കാർ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയുണ്ടായത്. ഇതോടെയാണു കർഷകരുടെ പ്രയത്‌നവും മുടക്കിയ പണവും വെള്ളത്തിലായത്. കൊയ്ത്തിനിറങ്ങിയ കൊയ്ത്തുമെതി യന്ത്രം പാടത്തു പുതഞ്ഞതോടെ കൊയ്ത്തു മുടങ്ങി. ജെ.സി.ബി ഉപയോഗിച്ചു യന്ത്രം കരയിലേക്കു വലിച്ചു കയറ്റുകയായിരുന്നു. തുടർന്ന്, ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു കുറെയൊക്കെ നെല്ലുകൊയ്‌തെടുത്തു. എന്നാൽ ഇതു മെതിച്ച് ഉണക്കിയെടുക്കാൻ കഴിയാതായി. ഇതോടെ, പ്രതിദിനം ആയിരം രൂപ കൂലി കൊടുത്തു നടത്തിയ കൊയ്ത്തും കർഷകർക്കു നഷ്ടക്കണക്കായി. ഇതേത്തുടർന്ന് പകുതിയോളം നെല്ല് കൊയ്‌തെടുക്കാതെ കർഷകർ ഉപേക്ഷിക്കുകയാണുണ്ടായത്. മാന്തുക ആനന്ദഭവനം കവിരാജ്, നന്ദനം വരദരാജൻ നായർ, ഇല്ലത്തെക്കേതിൽ മത്തായി, മിനി ഭവനം ശിവൻപിള്ള,കോടംപറമ്പിൽ ബിജു, അനിൽ ഉമ്മൻ,ജോണി എന്നിനിവരാണ് കൃഷിയിറക്കിയത്. കരയോടുചേർന്നായതിനാൽ മത്തായിയുടെ രണ്ട് ഏക്കറോളം ഭാഗത്തെ നെല്ലുമാത്രമാണു യന്ത്രമുപയോഗിച്ചു കൊയ്‌തെടുക്കാൻ കഴിഞ്ഞത്. 25 വർഷത്തിലേറെ തരിശു കിടന്നതാണ് ഈ പാടശേഖരം. മൂന്നു വർഷം മുമ്പാണ് അന്നത്തെ പഞ്ചായത്തംഗം കെ.ആർ. ജയചന്ദ്രൻ മുൻകൈയ്യെടുത്ത് നെൽകൃഷി ആരംഭിച്ചത്. ഇതിനായി വെട്ടുവേലിൽ ചാലും പാടശേഖരത്തിലേക്കു വെള്ളമെത്തിക്കുന്ന കനാലും മൈനർ ഇറിഗേഷൻ വിഭാഗത്തേക്കോണ്ടു നവീകരണവും നടത്തിച്ചു. വൈദ്യുതി വകുപ്പ് ത്രീഫേസ് കണക്ഷനും നല്കി. തുടർന്നാണു കൃഷിയിറക്കാൻ കർഷകർ തയാറായത്.

ആദ്യ തവണ തന്നെ നൂറുമേനി വിളവ്

ആദ്യ തവണ തന്നെ നൂറുമേനി വിളവാണു ലഭിച്ചത്. കഴിഞ്ഞ വർഷവും തുടർച്ചയായി പെയ്ത മഴയിൽ നെല്ലു മറിഞ്ഞുവീണെങ്കിലും കൊയ്‌തെടുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ വർഷം കർഷകരെ മഴ പൂർണമായും ചതിച്ചതിനാൽ കർഷകരുടെ പ്രതീക്ഷ പാടെ തകർക്കുകയായിരുന്നു. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണു കർഷകർക്കുണ്ടായത്. വിള ഇൻഷ്വറൻസും കൃഷിക്കാർക്കു ലഭിക്കില്ല. വിളയിറക്കി 120 ദിവസത്തേക്കു മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കൂ. എന്നാൽ ഇവിടെ വിളവു പൂർത്തിയാകാൻ 120 മുതൽ 150 ദിവസം വരെയാണെടുക്കുന്നത്. ഒപ്പം തന്നെ, കൃഷി പൂർണ്ണമായും നശിച്ചാൽ മാത്രമെ ഇൻഷ്വറൻസ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കൂ എന്ന നിബന്ധനയും കർഷകർക്കു വിനയായി മാറിയിരിക്കുകയാണ്.

-20 ഏക്കറിലെ നെൽക്കൃഷി

-12 ലക്ഷത്തോളം രൂപ നഷ്ടമെന്ന് കർഷകർ

-വിള ഇൻഷ്വറൻസും കൃഷിക്കാർക്കു ലഭിക്കില്ല