15-tvla-oda

തിരുവല്ല: പമ്പ, മണിമല നദികളിലും തോടുകളിലും രണ്ടടിയിലേറെ ജലനിരപ്പ് ഉയർന്നു. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര പഞ്ചായത്തുകളിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പാടശേഖരങ്ങളിലും കുളങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുകിമാറുന്നില്ല. നദികളിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാകും അപ്പർകുട്ടനാട്. കൊവിഡിന്റെ ദുരിതത്തിന് പിന്നാലെ ഉണ്ടായ കനത്തമഴയും ജനജീവിതം താറുമാറാക്കി. പലകുടുംബങ്ങളും പുറത്ത് ജോലിക്ക് പോകാനാകാതെ വീടുകളിൽ കഴിയുകയാണ്. വരുമാനം ഇല്ലാതായതോടെ സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റാണ് മിക്ക കുടുംബങ്ങളുടെയും ആശ്രയം. ഒാട ഇടിഞ്ഞുവീണു കാവുംഭാഗത്ത് നിർമ്മാണം പുരോഗമിക്കുന്ന ഓട ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. കാവുംഭാഗം ജംഗ്ഷനിൽ ആനന്ദേശ്വരം ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിക്ക് എതിർവശത്തായുള്ള ഓടയുടെ ഇരുവശത്തെയും കോൺക്രീറ്റ് ഭിത്തികളാണ് ഇന്നലെ രാവിലെ ഇടിഞ്ഞുവീണത്. തിരുവല്ല - പൊടിയാടി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന ഓടയാണിത്. ഓടയുടെ 5 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞുവീണത്. അടുത്ത ആഴ്ചയോടെ മേൽമൂടി നിർമ്മാണം ആരംഭിക്കാനിരിക്കുകയായിരുന്നു.