റാന്നി : കനത്ത മഴയിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെത്തോങ്കര ഭാഗത്ത് റോഡിൽ വെള്ളം കയറി. പമ്പയാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കുരുമ്പൻമൂഴി കോസ്‌വേയിലും വെള്ളം കയറി. മഴ തോരാതെ നിൽക്കുകയാണെങ്കിൽ റാന്നി ചെത്തോങ്കര, മാമുക്ക്, ഇട്ടിയപ്പാറ ടൗൺ എന്നിവിടങ്ങൾ വെള്ളത്തിനടിയിലാവും. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ രക്ഷാ പ്രവർത്തനത്തിനുള്ള എൻ.ഡി.ആർ.എഫ് ടീം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ശബരിമല വനമേഖലയിൽ ശക്തമായ മഴ പെയ്തതിനാൽ മൂഴിയാർ ഡാമിന്റെ സംഭരണ ശേഷിക്ക് സമീപം വരെ വെള്ളം നിറഞ്ഞു കഴിഞ്ഞു.