തിരുവല്ല: വെള്ളപ്പൊക്കത്തിന്റെ ഭീതിയിലാണ് അപ്പർകുട്ടനാടൻ പ്രദേശങ്ങൾ. കനത്തമഴയിൽ പമ്പ, മണിമല നദികൾ നിറഞ്ഞൊഴുകുകയാണ്. തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ഇന്നലെ മഴ കുറവായിരുന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടത്തോടുകൾ പലതും കരകവിഞ്ഞു. മൂന്ന് ദിവസത്തിനിടെ അഞ്ചടിയോളം ജലനിരപ്പ് ഉയർന്നു. പാടശേഖരങ്ങളും കുളങ്ങളും നിറഞ്ഞുകിടക്കുകയാണ്. താലൂക്കിന്റ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ പലതും വെള്ളത്തിനടിയിലായി. മഴ കുറയുമെന്ന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ ആശ്വാസം കൊള്ളുകയാണ് ജനങ്ങൾ. ഇനിയും മഴ കനത്താൽ വെള്ളപ്പൊക്കം ഉണ്ടായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സ്ഥിതിയുണ്ടാകുമെന്ന് റവന്യു അധികൃതർ പറഞ്ഞു.