eby-sushen
ഡോ. എബി സുഷൻ

ഡോ. എബി സുഷൻ

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ.

തിതീവ്ര കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികപർക്കും പത്തനംതിട്ടയിൽ ആയിരത്തിലേറെ പേർക്കും രോഗം സ്ഥിരീകരിക്കപ്പെടുന്നു. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 % ആണ്. അതായത് പത്തനംതിട്ട ജില്ലയിൽ പരിശോധനയ്ക്കു വിധേയരാകുന്നതിൽ അഞ്ചിൽ ഒരാൾ കൊവിഡ് രോഗിയാണെന്നർത്ഥം.
ജില്ലയിൽ നിലവിൽ പന്ത്രണ്ടായിരത്തിലധികം രോഗികളുണ്ട്. ഇവരിലാകട്ടെ നാനൂറോളം പേർ നിലവിൽ തീവ്രപരിചരണത്തിലാണ്. മറ്റ് രോഗങ്ങളുള്ളവരിൽ കൊവിഡ്19 രോഗബാധ ഗുരുതര സങ്കീർണ്ണതകളിലേക്ക് നയിക്കും. കൊവിഡ് രണ്ടാം തരംഗത്തിൽ സങ്കീർണ്ണതകൾ മൂലം മരണപ്പെടുന്നവർ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ഈ സാഹചര്യത്തിൽ രോഗബാധ ഒഴിവാക്കുന്നതിന് ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

മാസ്‌ക് ശരിയായി ധരിക്കണം

മാസ്‌ക് ഉപയോഗം നാം ശീലമാക്കി വരുന്നതേയുള്ളൂ. എന്നാൽ, നിലവിലെ രോഗവ്യാപനം കണക്കിലെടുക്കുമ്പോൾ ഡബിൾ മാസ്‌കാണ് അഭികാമ്യം. ഒരു സർജിക്കൽ മാസ്കും ഒരു തുണി മാസ്‌കും ചേർത്തുപയോഗിക്കാം. മൂക്കും വായും ശരിയായി മൂടുന്ന രീതിയിൽ വേണം മാസ്ക് ധരിക്കാൻ. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി ഇടപഴകാതിരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാം മാസ്‌ക് ഉപയോഗിക്കുന്നത് നമ്മുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കാണ്.

കൈകളുടെ ശുചിത്വം മറക്കരുത്

കൈകളുടെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ ശുചിയാക്കണം. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ രോഗികൾ സ്പർശിച്ച പ്രതലങ്ങളിൽ കൈകൾ തൊട്ടാൽ രോഗം പകരാൻ സാദ്ധ്യതയുണ്ട്. പുറത്തു പോകുമ്പോൾ ഒരു കുപ്പി സാനിട്ടൈസർ കരുതുന്നത് നല്ലതാണ്. ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കണം. മറ്റു രോഗങ്ങളുള്ളവർ കരുതിയിരിക്കണം. പ്രമേഹം, ശ്വാസകോശ രോഗികൾ, വൃക്ക, കരൾ രോഗികൾ, കാൻസർ, പാലിയേറ്റീവ് രോഗികൾ എന്നിവർക്ക് രോഗസാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഇതര രോഗങ്ങൾ ഉള്ളവർ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പുറത്തിറങ്ങരുത്. മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. റിവേഴ്‌സ് ക്വാറന്റൈൻ ശീലമാക്കണം. വയോജനങ്ങൾ അടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുന്നത് രോഗസാദ്ധ്യത കുറയ്ക്കാനാകും. പുറത്തു പോയി വരുന്ന മറ്റു കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണം.

വാക്‌സിൻ സ്വീകരിക്കാൻ തിരക്ക് വേണ്ട

സ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. രോഗവ്യാപ്തി തീവ്രമായ ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങളിൽ തിക്കിത്തിരക്കുന്നത് രോഗപ്പകർച്ചാ സാദ്ധ്യത കൂട്ടും. അതുകൊണ്ട്, ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നിർദ്ദേശാനുസരണം അറിയിച്ച സമയത്തു മാത്രം വാക്‌സിൻ സ്വീകരിക്കാൻ ആരോഗ്യകേന്ദ്രത്തിൽ എത്തുന്നതാണ് നല്ലത്. അത്യാഹിത ഘട്ടങ്ങളിലൊഴികെ ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കണം. നമ്മുടെ ജില്ലയിലെ ആശുപത്രികളിൽ ഒ.പി ചികിത്സയ്‌ക്കെത്തുന്ന ഇരുപതു ശതമാനത്തോളം പേരിൽ കൊവിഡ് രോഗലക്ഷണങ്ങളുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനം രോഗപ്പകർച്ചാ സാദ്ധ്യത കൂട്ടും. ജീവിതശൈലീ രോഗങ്ങളുടെ തുടർചികിത്സയും മറ്റു സാധാരണ രോഗങ്ങളുടെ ചികിത്സയും സർക്കാരിന്റെ ഇ സഞ്ജീവനി ടെലിമെഡിസിൻ പദ്ധതിയിലൂടെ ലഭ്യമാണ്. ഇ സഞ്ജീവനിയിലൂടെ ഡോക്ടറെ കണ്ടു ചികിത്സ സ്വീകരിക്കാം. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പ് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സ്വീകരിക്കും.

വീടിനുള്ളിലും ജാഗ്രത തുടരാം

ജോലിക്കു പോയിവരുന്നവർ വീടുകളിൽ കഴിയുന്ന മറ്റുള്ളവരുമായി സമ്പർക്കം കുറയ്‌ക്കേണ്ടതുണ്ട്. ആനിക്കാട്, കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബത്തിനുള്ളിലെ രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ കഴിയുന്ന വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം.
പുറത്തു പോയി വരുന്നവർ വീടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗപ്പകർച്ചയുടെ കണ്ണികൾ പൊട്ടിക്കുന്നതിലൂടെ മാത്രമേ കൊവിഡ് രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കാനാകൂ. നിലവിലെ നിരക്കിൽ രോഗപ്പകർച്ച തുടർന്നാൽ അത് ആരോഗ്യസംവിധാനത്തിന്റെ ശേഷിയിൽ കൂടുതൽ രോഗികൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. അത്തരം പ്രതിസന്ധി ഒഴിവാക്കേണ്ടത് സമൂഹമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. ലോക്ക്‌ ഡൗൺ രോാഗപ്പകർച്ചാ നിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു ശ്രമം മാത്രമാണ്.