പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിലെ ജീവനക്കാരൻ വിജീഷ് വർഗീസ് സ്ഥിര നിക്ഷേപങ്ങൾക്ക് പുറമേ ഇൻഷ്വറൻസ് കമ്പനികൾ നിക്ഷേപിച്ച പണവും തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ട്. മോട്ടോർ ആക്‌സിഡന്റ് ക്ളെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക്ഷേപിക്കപ്പെട്ട തുകയിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സംവിധാനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇടപാടിന് യഥാർത്ഥ അക്കൗണ്ട് ഉടമയുടെ പേരും ട്രാൻസ്ഫർ ഭാഗത്ത് സ്വന്തം അക്കൗണ്ട് നമ്പരും കുടുംബാംഗങ്ങളുടെ അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും ചേർത്തായിരിക്കാം ഇയാൾ പണം മാറ്റിയെടുത്തതെന്നാണ് അനുമാനം. നെഫ്റ്റുപയോഗിച്ച് കൈമാറ്റം ചെയ്യുന്ന പണത്തിന് പരിധിയില്ലാത്തതും അനുകൂല ഘടകമായി.
സ്ഥിര നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയുടെ വൗച്ചർ ഒപ്പില്ലാതെയാണ് വിജേഷ് പിൻവലിച്ചത്. മേലധികാരിക്ക് മുന്നിൽ വൗച്ചർ വച്ചപ്പോൾ അത് പരിശോധിക്കുകയും ഒപ്പില്ലാത്തതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിൽ തട്ടിപ്പ് ആദ്യമേ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് പത്തനംതിട്ട ലീഡ് ബാങ്ക് ചീഫ് മാനേജർ വി. വിജയകുമാരൻ പറഞ്ഞു. ബാങ്കുകളിൽ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകൾ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതു രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് തട്ടിപ്പ് നൽകുന്ന സൂചന.