കോന്നി : കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ വ്യാപകമായ നാശനഷ്ടം. പ്രമാടം, തണ്ണിത്തോട്,കലഞ്ഞൂർ,ചി​റ്റാർ,സീതത്തോട് തുടങ്ങിയ പഞ്ചായത്തുകളിൽ നാശനഷ്ടം നേരിട്ടു.ശക്തമായ കാ​റ്റിലും മഴയിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ ആഞ്ഞിലിമുറിയിൽ വീട്ടിൽ പ്രഭാകരന്റെ വീടിന്റെ പുറകുവശത്തെ മൺതിട്ട ഇടിഞ്ഞ് അടുക്കള ഭാഗത്തേക്ക് വീണു.വീടിന്റെ കതകിനും നാശം സംഭവിച്ചു.പുലർച്ചയുണ്ടായ മഴയിൽ വി .കോട്ടയം വെള്ളപ്പാറ സിന്ധു ഭവനത്തിൽ ശ്രീതു കൃഷ്ണയുടെ വീടിന്റെ കിടപ്പുമുറി,അടുക്കളയുടെ തറ എന്നിവ ഇടിഞ്ഞുവീണു. ഒരു ലക്ഷം രൂപയുടെയോളം നാശനഷ്ടം ഉണ്ടായതായാണ് കണക്ക്.വി.കോട്ടയം വകയാർ കൊ​റ്റിനേത്ത് ലിജുഭവനത്തിൽ എൽസി തോമസിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചു.

ശക്തമായ കാ​റ്റിനെ തുടർന്ന് കോന്നിയിൽ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. അതുംമ്പുംകുളം,ഞള്ളൂർ,ചൈനാമുക്ക്,വകയാർ എന്നിവിടങ്ങളിൽ റോഡിന് കുറുകെ വീണ മരങ്ങൾ അഗ്നിരക്ഷാസേന എത്തി മുറിച്ചുമാ​റ്റി.കോന്നി അതിരുങ്കൽ കുളത്തുമൺ റോഡിൽ മൺതിട്ട ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.ചി​റ്റാർ മണിയാർ റോഡിൽ നിർമ്മാണത്തിലിരുന്ന റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു.കലഞ്ഞൂർ
കു​റ്റിമണ്ണിൽ നാല് കുടുംബങ്ങളെ കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാ​റ്റി പാർപ്പിച്ചു.കലഞ്ഞൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം പോസ്​റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം തടസപ്പെട്ടു.