16-kovid-prathirodham
കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ കെ.യു.ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്നപ്പോൾ

കലഞ്ഞൂർ : പഞ്ചായത്തുതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ കെ.യു.ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്നു. വാർഡുതല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സജീവമാക്കും. രോഗബാധിത കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും തീരുമാനമായി. ഇതിനായി ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനം ഉടൻ പുനരാരംഭിക്കാനും തീരുമാനമായി. ഡൊമിസിലറി കെയർ സെന്ററായി കൂടൽ ഗവ.എൽ.പി.സ്‌കൂളിനെ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് വാർ റൂം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളും, ടാക്‌സികളും കൂടുതൽ യാത്രാ ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി. വാർഡുതല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. വാർഡുതല സമിതികൾ വയോജനങ്ങളുടെയും, കിടപ്പു രോഗികളുടെയും, രോഗബാധിത കുടുബങ്ങളുടെയും ലിസ്റ്റ് പ്രത്യേകം തയാറാക്കണം. പ്രൈമറി കോൺടാക്റ്റ് ലിസ്റ്റും തയാറാക്കി നിരീക്ഷണം ശക്തമാക്കണം. വാർഡിലെ ജനങ്ങൾക്ക് എന്തു സഹായം ആവശ്യമുണ്ടെങ്കിലും എത്തിക്കാൻ കഴിയുന്ന നിലയിലേക്ക് വാർഡുതല പ്രവർത്തനം മാറണമെന്നും ജനീഷ് കുമാർ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ സജി, പഞ്ചായത്ത് അംഗങ്ങളായ എസ്.പി.സജൻ, കെ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.