കുളനട : പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. നിയുക്ത എം. എൽ എ. വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രതിനിധികൾ , മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. വാർഡുതലത്തിൽ കൊവിഡ് ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും ആളുകൾക്ക് ആവശ്യമായ ചികിത്സയും, അവശ്യ സാധനങ്ങളും ലഭിക്കുന്നത് ഉറപ്പു വരുത്തണമെന്ന് എം.എൽ. എ പറഞ്ഞു.
കൊവിഡ് പോസിറ്റീവ് ആകുന്നവരെ കളക്ടറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പിൽഗ്രിം അമിനിറ്റി സെന്ററിലെ ഡി.സി.സി യിൽ മാറ്റുന്നതിനും ആവശ്യമായ പൾസ് ഓക്‌സി മീറ്ററും എല്ലാ വാർഡിലും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് ആറ്റുതീരങ്ങൾ ജലനിരപ്പ് ഉയരുന്ന ഘട്ടത്തിൽ മുൻ കരുതലുകളെപ്പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. വെള്ളം പെട്ടെന്ന് കയറുന്ന മേഖലകളിൽ താമസിക്കുന്നവരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മാന്തുക , അമ്പലക്കടവ്, മണ്ണാംകടവ് ഭാഗങ്ങളിൽ ചില വീടുകളിൽ വെള്ളം കയറാൻ സാദ്ധ്യതള്ളതിനാൽ അവരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്യും . ബന്ധു വീടുകളിൽ പോകാൻ വിസമ്മതിക്കുന്നവരെ പഞ്ചായത്ത് സ്‌കൂളിലെ ക്യാമ്പിലാക്കുന്നതിനും തീരുമാനിച്ചു. വീഡിയോ കോൺഫറൻസിൽ കുളനട പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ , സെക്രട്ടറി, കുളനട പി. എച്ച്.സി.മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു.