a
കാലവർഷത്തിനു മുന്നോടിയായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കം സംബന്ധിച്ച് യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ സംസാരിക്കുന്നു

ചെങ്ങന്നൂർ : കാലവർഷത്തിന് മുന്നോടിയായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കം സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചെങ്ങന്നൂർ റവന്യു ഡിവിഷണൽ ഓഫീസിൽ സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. ആർ.ഡി.ഒ എൻ.സാജിദാ ബീഗം യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആവശ്യംവരുന്ന മുറക്ക് ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനും സ്‌കൂളുകളും കമ്മ്യൂണിറ്റി സെൻസറുകളും ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകൾ നിലവിലെ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചെങ്ങന്നൂർ മാവേലിക്കര തഹസിൽദാർമാർക്ക് ചുമതലയിൽ സജ്ജീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറി എന്നിവർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഒരു പഞ്ചായത്തിൽ നാല് ഡി.സി.സികൾ എന്ന നിലയിൽ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശത്തും ആംബുലൻസ് സേവനവും ഏല്ലാവർക്കും ഭക്ഷണവും ഉറപ്പു വരുത്തും. റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകാതെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ മരാമത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കും. തോടുകളിലും കനാലുകളിലും വെള്ളമൊഴുകുന്നതിന് തടസം ഉണ്ടാകാതിരിക്കുന്നതിന് ജലസേചന വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കും. സ്വകാര്യ വസ്തുക്കളിലെ മരങ്ങൾ വീണ് അപകടം ഉണ്ടാകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതൽ സ്വീകരിക്കും. ഒപ്പം ഫയർഫോഴ്‌സും ജാഗ്രത പാലിക്കും. കൺട്രോൾ റൂം നമ്പർ 0479 2452334.