പത്തനംതിട്ട: സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പാ ലേലത്തിൽ സഹകരണ മേഖലയെകൂടി ഉൾപ്പെടുത്തണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൊവിഡിന്റെ പ്രതിസന്ധിമൂലം തകർന്ന സാമ്പത്തികമേഖലയെ സംരക്ഷിക്കുന്നതിന് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും, അസംഘടിത മേഖലയ്ക്കും കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നതിന് റിസർവ് ബാങ്ക് നടത്തുന്ന ലേലത്തിൽ സഹകരണ മേഖലയെക്കൂടി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം. ഗ്രാമീണമേഖലയിലെ കർഷകർക്കുകൂടി പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി വായ്പ ലഭ്യമാക്കുന്നതിന് കേരള ബാങ്കിനെക്കൊണ്ട് ലേലത്തിൽ പങ്കെടുപ്പിച്ച് വായ്പ ലഭ്യമാക്കിയാൽ കൊവിഡ് മഹാമാരിമൂലം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ഒരു പരിധിവരെ സഹായകമാകും. ഈ വിഷയത്തിൽ മുഖ്യമന്തി അടിയന്തരമായി ഇടപെടണമെന്ന് കെ.സി.ഇ.എഫ് സംസ്ഥാന കമ്മിറ്റി നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.