പത്തനംതിട്ട: റേഷൻകട ജീവനക്കാർ കട അടക്കൽ സമരത്തിൽ നിന്നും പിന്മാറി. ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ചത്തെ റേഷൻ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ല. ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഗണിക്കുമെന്ന് ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കേരള റേഷൻ എംപ്ലോയീസ് ഫെഡററേഷൻ (എ.ഐ.ടി.യു.സി) എന്നീ സംഘടനകൾ സമരത്തിനില്ലെന്ന് അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കൊവിഡ് മഹാമാരിയും, കാലാവസ്ഥ പ്രതികൂലമായതിനാലും ജനങ്ങൾക്ക് റേഷൻ വിതരണം തടസം ഉണ്ടാകും എന്നതിനാലും ജീവനക്കാരുടെ പ്രയാസം കണക്കിലെടുത്തു സർക്കാർ നൽകിയ ഉറപ്പിന് മേലും സമരത്തിൽ നിന്നും പിന്മാറി എന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രൻ പിള്ളയും എ.ഐ.ടി.യു.സി കെ.ആർ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു എന്നിവർ സംയുക്ത പ്രതാവനയിൽ പറഞ്ഞു.